vs-achuthanandan

തിരുവനന്തപുരം: പതിവുപോലെ ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ കുടുംബത്തോടൊപ്പം വി.എസ്. അച്യുതാനന്ദൻ ഇന്നലെ പിറന്നാൾ ആഘോഷിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നൂറിന്റെ നിറവിൽ നിൽക്കുമ്പോഴാണ് വി.എസിന് 97 വയസ് പൂർത്തിയാകുന്നത്. ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ വച്ച് രാവിലെ കുടുംബത്തോടൊപ്പം കേക്ക് മുറിച്ചു. ഭാര്യ വസുമതി,​മകൻ അരുൺകുമാർ, മരുമകൾ ഡോ.രജനി, ചെറുമക്കളായ അർജുൻ, അരവിന്ദ് തുടങ്ങിയവർ വി.എസിന് മധുരം നൽകി. സാധാരണ, ജന്മദിനാശംസ നേരാൻ വലിയൊരു നിരയാണ് എത്താറുള്ളതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി അതെല്ലാം ഒഴിവാക്കിയിരുന്നു. രാവിലെ മുതൽ വി.എസിന് ആശംസകളുമായി കാളുകളെത്തി. ഉച്ചയ്ക്ക്

മകൻ അരുണിന്റെ നമ്പരിലേക്ക് ഡൽഹിയിൽ നിന്നൊരു സ്പെഷ്യൽ കാൾ വന്നു. അങ്ങേത്തലയ്ക്കൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അരുൺ ഫോൺ വി.എസിന് കൈമാറി. യെച്ചൂരി ആയുരാരോഗ്യസൗഖ്യം നേർപ്പോൾ വി.എസ് നന്ദി പ്രകടിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഫോണിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചു. വി.എസിന്റെ വീട്ടിലേക്ക് പൂക്കളും അദ്ദേഹം കൊടുത്തുവിട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ ആശംസകൾ നേർന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ, വി.എം.സുധീരൻ, എം.എ.ബേബി, ഷാജി എൻ. കരുൺ, സുരേഷ് ഗോപി എം.പി, ശ്രീകുമാരൻ തമ്പി, ബർളിൻ കുഞ്ഞനന്തൻ നായർ. എം. വിജയകുമാർ, എസ്. ശർമ്മ, വി.ശിവൻകുട്ടി തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു.

ഭരണപരിഷ്‌കാര കമ്മിഷൻ അംഗങ്ങളായ സി.പി.നായരും ഷീലാ തോമസും ഫോണിലൂടെ ആശംസയർപ്പിച്ചപ്പോൾ കമ്മിഷൻ ഓഫീസിലെ ജീവനക്കാർ നേരിട്ടെത്തി.