
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ ആലംകോടിന്റെ ആവശ്യങ്ങൾ നിരവധിയാണ്. തീരദേശത്തേയും മലയോരമേഖലയേയും ബന്ധിപ്പിക്കുന്ന ജംഗ്ഷനാണിത്. ആറ്റിങ്ങൽ നഗരസഭയിലെ പ്രധാന വാണിജ്യ കേന്ദ്രം കൂടിയായ ഇവിടം സ്ഥല പരിമിതിയാൽ ഞെരുങ്ങി വീർപ്പുമുട്ടുകയാണ്.
കടയ്ക്കാവൂർ - അഞ്ചുതെങ്ങ് റോഡും കിളിമാനൂർ റോഡും ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനാണിത്. ഇവിടെ ദേശീയപാതയ്ക്കുപോലും വീതി ആവശ്യത്തിനില്ലെന്നതാണ് പ്രധാന പ്രശ്നം. ഇത് ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുകയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല.
മറ്റൊരു പ്രധാന പ്രശ്നം ജംഗ്ഷനിലോ സമീപ സ്ഥലങ്ങളിലോ പാർക്കിംഗ് സൗകര്യം ഇല്ലെന്നതാണ്. ഇത് കച്ചവട സ്ഥാപനങ്ങളെ വല്ലാതെ ബാധിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ വരുന്നവർ അവ റോഡിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുമാണ് പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുകയാണ്.
ടാക്സി, ഓട്ടോ, ടെമ്പോ, പിക്കപ്പ് എന്നിവയുടെ സ്റ്റാൻഡുകൾ ജംഗ്ഷനിലാണ് പ്രവർത്തിക്കുന്നത്. ഇത് ജംഗ്ഷനെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ്.
കുടുതൽ ജനം വരുന്ന ഒരു ജംഗ്ഷനായതിനാൽ ഇവിടെ പ്രധാന ബാങ്കുകളുടെയെല്ലാം ശാഖകളും പ്രവർത്തിക്കുന്നുണ്ട്. ജംഗ്ഷനു സമീപം തന്നെയാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളും എൽ.പി സ്കൂളും പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നത്.
ഇവിടെ എത്തുന്നവർക്ക് ഉപയോഗിക്കാൻ പൊതു ടൊയ്‌ലെറ്റ് ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. കൂടാതെ യാതൊരു നിയന്ത്രണവുമില്ലാതെ യാത്രക്കാർ തലങ്ങും വിലങ്ങും റോഡ് മുറിച്ചു കടക്കുന്നത് അപകടവും വർദ്ധിപ്പിക്കുന്നുണ്ട്.
ജില്ലയിലെ പ്രധാന മത്സ്യ മൊത്ത വ്യാപാരകേന്ദ്രം ആലംകോടാണ് പ്രവർത്തിക്കുന്നത്. വവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ മത്സ്യം എത്തുന്നുണ്ട്. വലിയ വാഹനങ്ങളിലാണ് ഇവ എത്തുന്നത്. ചെറുകിട കച്ചവടക്കാർ ഇവിടെയെത്തിയാണ് മത്സ്യം എടുത്ത് മറ്റിടങ്ങളിൽ എത്തിച്ച് വില്പന നടത്തുന്നത്. രാത്രി 3 മണി മുതൽ ഇവിടെ മത്സ്യ വില്പനയുടെ തിരക്കാണ്. ജംഗ്ഷനിലെ തെരുവു വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും കത്താത്തത് കച്ചവടക്കാർക്ക് എറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.