jose

തിരുവനന്തപുരം: കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച നിലപാടിൽ ഇന്ന് ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വ്യക്തത വരുത്തും. നാളെ വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ഔദ്യോഗികമായി തീരുമാനിക്കും.

എൽ.ഡി.എഫാണ് ശരിയെന്ന് പ്രഖ്യാപിച്ച് ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ, സി.പി.എം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും മുന്നണിയിലെ ചെറു ഘടകകക്ഷികളും അതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. അടുത്ത ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജോസിന്റെ നിലപാടിനെ തള്ളേണ്ടതില്ലെന്ന നിലപാടെടുത്തു. ബാർ കോഴക്കേസ് സമരത്തെ ഇതിനോട് കൂട്ടിക്കെട്ടേണ്ടതില്ലെന്ന സൂചനകളും നൽകിയത്, സി.പി.ഐയുടെ അയഞ്ഞ മനസ് വിളിച്ചറിയിക്കുന്നതായി. ജോസ് കെ.മാണിയുടെ വരവിനെ പരസ്യമായി സ്വാഗതം ചെയ്തെങ്കിലും, പാർട്ടി നേതൃത്വത്തിൽ പൂർണ മനസോടെയുള്ള സമ്മതം ഇപ്പോഴുമില്ലെന്നാണ് വിവരം. പാർട്ടി എക്സിക്യൂട്ടീവ് ചർച്ചചെയ്ത ശേഷം നിലപാടറിയിക്കാമെന്നാണ് സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ കാനം വ്യക്തമാക്കിയതും. എന്നാൽ, വിയോജിപ്പൊന്നും കാനം പറഞ്ഞതായി സൂചനയില്ല.

ജോസ് കെ.മാണിയെ മുന്നണി ഘടകകക്ഷിയായി ഉൾക്കൊള്ളണമെന്ന സി.പി.എമ്മിന്റെ ആഗ്രഹത്തിലും സി.പി.ഐ ഇന്ന് നിലപാടെടുക്കും. ആദ്യം സഹകരിപ്പിക്കുകയും പിന്നീട് ഘടകകക്ഷിയാക്കുകയുമെന്ന ഇടതുമുന്നണിയുടെ പതിവ് രീതി മതിയെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. അതേസമയം, ജോസ് വിഭാഗത്തിന് ഘടകകക്ഷിയെന്ന പരിഗണന നൽകുംവിധമാണ് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി സി.പി.എം മുന്നോട്ട് പോകുന്നത്. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സമിതികൾ ജോസ് വിഭാഗത്തിന് മതിയായ പ്രാതിനിദ്ധ്യം നൽകി പുനഃസംഘടിപ്പിക്കാനുള്ള നിർദ്ദേശം കീഴ്ഘടകങ്ങൾക്ക് പാർട്ടി നൽകിയിട്ടുണ്ട്. സി.പി.എം നിലപാടിലുറച്ചാൽ, നാളത്തെ മുന്നണിയോഗത്തിന് ശേഷം ജോസ് വിഭാഗം എൽ.ഡി.എഫ് ഘടകകക്ഷിയാവും.