
പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും പരമാവധി പരിഗണിക്കണം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തെയും ഉൾപ്പെടുത്തി സീറ്റ് വിഭജനത്തിന് സി.പി.എം നിർദ്ദേശം. നിലവിലെ എൽ.ഡി.എഫ് സമിതികൾ ജോസ് വിഭാഗക്കാരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കാനും പാർട്ടി സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളോട് നിർദ്ദേശിച്ചു.
തുടർച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചവരെയും, പാർട്ടി ലോക്കൽ, ഏരിയ സെക്രട്ടറിമാരെയും സ്ഥാനാർത്ഥികളായി പരിഗണിക്കരുതെന്നും നിർദ്ദേശമുണ്ട്. ഇതിൽ ഇളവിന് ജില്ലാ സെക്രട്ടേറിയറ്റ് അനുവദിക്കണം. ഇളവിന്റെ കാര്യം കീഴ്കമ്മിറ്റികൾ ഉപരി കമ്മിറ്റികളെയും അവർ ജില്ലാകമ്മിറ്റിയെയും അറിയിക്കണം. മാനദണ്ഡം ജയസാദ്ധ്യതയാവണം. കാര്യപ്രാപ്തരും പൊതുരംഗത്ത് കഴിവ് തെളിയിച്ചവരുമായ സ്ത്രീകളെയും, പട്ടികജാതി-വർഗക്കാരെയും അവരുടെ സംവരണ സീറ്റുകളിലേക്ക് മാത്രമായി ഒതുക്കരുത്. കഴിവുള്ളവരെ ജനറൽ സീറ്റുകളിലേക്കും പരിഗണിക്കണം. പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും പരമാവധി പരിഗണിക്കണം..യുവതീയുവാക്കൾക്ക് മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കണം.
കോർപ്പറേഷനുകളിലും നഗരസഭകളിലും വനിതാ മേയർ, ചെയർപേഴ്സൺ സംവരണമാണെങ്കിൽ അതിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയം അവധാനതയോടെയാവണം. സർക്കാർ, പൊതുമേഖലയിൽ നിന്ന് വിരമിച്ച സ്ത്രീകളെ സ്ഥാനാർത്ഥകളാക്കുന്നതിന് അപ്പാടെ വഴങ്ങിക്കൊടുക്കരുത്. പാർട്ടിയിലും വർഗ്ഗ ബഹുജനസംഘടനകളിലും കഴിവ് തെളിയിച്ചവർക്കാകണം പരിഗണന. പൊതുസമ്മതരായ സ്വതന്ത്രരെയും ജയസാദ്ധ്യത നോക്കി പരിഗണിക്കണം. താഴെത്തട്ടിൽ പ്രവർത്തകർക്കിടയിൽ അമർഷവും പ്രവർത്തനത്തിൽ വിരക്തിയുമുണ്ടാകുന്ന തരത്തിൽ സ്ഥാനാർത്ഥി നിർണ്ണയം മാറരുത്.