teacher

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അങ്കണവാടി ജീവനക്കാർക്കും അവസരം. അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നിവർക്ക് മത്സരിക്കാൻ ഇനി മുൻ‌കൂർ അനുമതി വാങ്ങിയാൽ മതിയെന്ന് സർക്കാർ ഉത്തരവായി.

ഇതിനായി 2014 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 30 ആം വകുപ്പ് ഭേദഗതി വരുത്താനും തീരുമാനിച്ചു. ഇതേ തുടർന്ന് അങ്കണവാടി ജീവനക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യത നീക്കി. മത്സരിച്ചു വിജയിക്കുന്ന ജീവനക്കാർക്ക് അവധി അനുവദിക്കാനും സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

ഭരണസമിതി യോഗത്തിൽ പങ്കെടുക്കുന്നതിന് ഒരു വർഷം പരമാവധി 15 ദിവസത്തെ സ്‌പെഷ്യൽ കാഷ്വൽ ലീവും അനുവദിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ഭരണസമിതിയുടെ കാലാവധി തീരുന്നത് വരെ ഓണറേറിയം ഇല്ലാത്ത അവധിയും അനുവദിക്കും. ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിന് സാമൂഹ്യനീതി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായും സ്‌പെഷ്യൽ സെക്രട്ടറി എ. ഷാജഹാന്റെ ഉത്തരവിൽ പറയുന്നു.

പഞ്ചായത്ത് രാജ് നിയമത്തിലെ സാങ്കേതിക കുരുക്ക് കാരണം 2010 ൽ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ അങ്കണവാടി ജീവനക്കാർക്ക് മത്സരിക്കാൻ സാധിച്ചിരുന്നില്ല. സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നവർ ജോലി രാജിവെച്ചാണ് മത്സരിച്ചത്. ഇതുകാരണം കുറെ പേർക്ക് ജോലി നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജോലി രാജിവെച്ചവർക്ക് നിയമം ഭേദഗതി ചെയ്തതിനാൽ പുനർനിയമനം നൽകുന്നതിനും സർക്കാർ ഉത്തരവായിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ ഇടയിൽ സമ്മിശ്ര പ്രതികരണമാണ് ഈ ഉത്തരവ് ഉണ്ടാക്കിയത്. കഴിയുന്നതും മത്സര രംഗത്ത് നിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്നാണ് അധികം പേരുടേയും അഭിപ്രായം.

ബൈറ്റ്

പഞ്ചായത്ത്‌, നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാർ അപേക്ഷ നൽകി മുൻ‌കൂർ അനുമതി വാങ്ങണം

കവിതാ റാണി രഞ്ജിത്ത്

(ജില്ലാ പ്രോഗ്രാം ഓഫീസർ )

സർക്കാർ ഉത്തരവ് സ്വാഗതാർഹമാണ്. അവർക്കും ആഗ്രഹം കാണും. പക്ഷെ, അങ്കണവാടികൾ രാഷ്ട്രീയത്തിന് അതീതമാക്കുന്നത് ആണ് നല്ലത്. ഇപ്പോൾ അവധി എടുത്തു മത്സരിച്ചാലും അഞ്ച് വർഷം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ പ്രശ്നം ഉണ്ടാകും.

എം. ആശ

(അങ്കണവാടി വർക്കർ വൾവക്കാട്)