
മലയാള നോവലിന്റെ കുലപതിയായ സി.വി. രാമൻപിള്ള തന്റെ ഗുരുവിന്റെ സ്മരണാർത്ഥം തലസ്ഥാന നഗരിയിൽ പണിതീർത്തതാണ് റോസ് കോട്ടേജ് ഭവനം. അവിടെ ഇരുന്നാണ് സി.വി വിഖ്യാത നോവലുകൾ രചിച്ചത്. ആ വീട്ടിൽ സി.വിയുടെ മൂത്ത മകൾ ഗൗരിക്കുട്ടി അമ്മയുടെ പുത്രനായി ഒൻപത് ദശാബ്ദങ്ങൾക്ക് മുമ്പ് കൃഷ്ണപിള്ള ജനിച്ചു.
തിരുവനന്തപുരത്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡൽഹി ആൾ ഇന്ത്യ റേഡിയോയിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പബ്ളിക്കേഷൻ ഡിവിഷനിൽ മലയാളം അസിസ്റ്റന്റ് എഡിറ്റർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. ഡൽഹിയിലെ ജീവിതകാലത്ത് റോസ്കോട്ട് കൃഷ്ണപിള്ള എന്ന പേര് സ്വീകരിച്ചു. സി.വിയുടെ ചെറുമകൻ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഓംചേരി നാരായണപിള്ള, ലീലാ ഓംചേരി എന്നിവർക്കൊപ്പം റോസ്കോട്ടും ഭാര്യ ഹേമകുമാരിയും നാടകാവതരണങ്ങളിലും ഇതര കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഡൽഹി കേന്ദ്രമായി നടന്ന മലയാളഭാഷ സാഹിത്യ പ്രവർത്തനങ്ങളിലും കലാവതരണങ്ങളിലും റോസ്കോട്ടിന്റെ നേതൃത്വം ഏറെപ്രശംസനീയമായിരുന്നു. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന സാഹിത്യകാരന്മാർക്കും കലാകാരൻമാർക്കും അദ്ദേഹം നൽകിയ സ്നേഹവും സംരക്ഷണവും അവിസ്മരണീയമാണ്.
1970 ലാണ് യോജനയുടെ എഡിറ്ററായി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായി സേവനം തുടർന്നു. പ്രസിദ്ധീകരണ രംഗത്ത് യോജനയെ സാന്നിദ്ധ്യമാക്കി രൂപാന്തരപ്പെടുത്താൻ റോസ്കോട്ട് വഹിച്ച പങ്ക് എന്നും ഓർമ്മിക്കപ്പെടും. ഏതാനും കൃതികൾ അദ്ദേഹത്തിന്റെ പേരിൽ പ്രകാശിതമായിട്ടുണ്ട്. വാഗമല്ലി, ശാസ്ത്ര ശില്പികൾ തുടങ്ങിയ കഥാസമാഹാരങ്ങൾ, കുട്ടികൾക്കു വേണ്ടി ഇല്ലസ്ട്രേറ്റഡ് ശാസ്ത്ര നിഘണ്ടു എന്നിവ അവയിൽപ്പെടുന്നു.
പക്ഷി നിരീക്ഷണം, ലോകമുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങൾ എന്നിവയും റോസ്കോട്ടിന്റെ സാഹിത്യ സംഭാവനകളിൽപ്പെടുന്നു. തലസ്ഥാന നഗരിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ മുഖ്യവേദി സി.വി. രാമൻപിള്ള നാഷണൽ ഫൗണ്ടേഷനായിരുന്നു. സി.വിയുടെ കൃതികൾ ജനമദ്ധ്യത്തിൽ കൂടുതലായി എത്തിക്കുന്നതിനും ആ സ്മരണ ശാശ്വതീകരിക്കുന്നതിനുമുള്ള സ്മാരക നിർമ്മാണത്തിലും റോസ്കോട്ട് വഹിച്ച പങ്ക് പ്രശംസനീയം. സാഹിത്യത്തിലെ വിവിധതലമുറയിലെ എഴുത്തുകാരെ സി.വി. രാമൻപിള്ള ഫൗണ്ടേഷനുമായി ബന്ധിപ്പിക്കുന്നതിന് റോസ്കോട്ട് വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഞാൻ ഓർക്കുന്നു.
സി.വിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറപ്പെടുവിക്കുന്നതിനും റോസ്കോട്ട് മുന്നിട്ട് നിന്ന് പ്രവർത്തിച്ചു. തലസ്ഥാനത്ത് സി.വിയുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിന്റെ അന്തിമഘട്ടത്തിലാണ്. ഈ അവസരത്തിൽ ആകസ്മികമായി സംഭവിച്ച വേർപാട് തീരാനഷ്ടമാണ്. ഫൗണ്ടേഷൻ പ്രസിഡന്റ് എന്ന നിലയിൽ വേദനയോടെ ഞാൻ ഓർക്കുന്നു.
പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റൊരു കാര്യം റോസ്കോട്ടിന്റെ വ്യക്തിപ്രഭാവമാണ്. കൃത്യമായ ഇടപെടലുകൾകൊണ്ട് എല്ലാവർക്കും അഭിമാനമായിരുന്നു. ഒരു മഹാപാരമ്പര്യത്തിന്റെ മൂന്നാം തലമുറയിൽപ്പെട്ട വ്യക്തിത്വം എന്ന നിലയിൽ സി.വിയുടെ കുടുംബാകാശത്തിലെ പ്രകാശപൂർണമായ നക്ഷത്രമായിരുന്നു. അതിന്റെ അസ്തമയം സൗമ്യതയുടെ സാംസ്കാരിക പ്രഭാവത്തിന്റെ യുഗസ്മരണകൾ ഉണർത്തുന്നു.