
മുടപുരം: വിളവെടുക്കാൻ പാകമായിട്ടും നെല്ല് കൊയ്തെടുക്കാൻ കഴിയാതെ കഷ്ടത്തിലായിരിക്കുകയാണ് നെൽകർഷകർ. കിഴുവിലം പഞ്ചായത്തിലെ മുടപുരം, വലിയചിറ, വലിയ ഏലാ, അഴൂർ പഞ്ചായത്തിലെ ചേമ്പുംമൂല തുടങ്ങിയ പാടശേഖരത്തിലെ കർഷകരാണ് നെല്ല് കൊയ്തെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. നല്ല വിളവായിരുന്നു ഇക്കുറി. അതിനാൽ നൂറുമേനി കൊയ്‌തെടുക്കാം എന്ന സന്തോഷത്തിൽ ഇരുന്ന കർഷകർക്കാണ് കൊയ്ത്തു യന്ത്രം കിട്ടാതെ ഇരുട്ടടിയായിരിക്കുന്നത്.
കുട്ടനാട്ടിൽ നിന്നും മറ്റുമാണ് സാധാരണ കൊയ്ത്ത് യന്ത്രം ഇവിടെ എത്താറുള്ളത്. നേരത്തെ തമിഴ്‌നാട്ടിൽ നിന്നും കൊയ്ത്ത് യന്ത്രം എത്തുമായിരുന്നു. എന്നാൽ കൊവിഡ് കാലമായതിനാൽ അവിടെ നിന്നും യന്ത്രം എത്തുന്നില്ല. കൊയ്ത്ത് യന്ത്രം ഇവിടെ എത്തിക്കാൻ പാടശേഖര സമിതികൾ ഒട്ടേറെ ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല.
വലിയ ചിറയിൽ എത്തിയ കൊയ്ത്ത് യന്ത്രം തകരാറിലായതും പ്രശ്നം രൂക്ഷമാക്കി. പ്രശനം പരിഹരിക്കാൻ ഗ്രാമപഞ്ചായത്തോ, ബ്ലോക്ക് പഞ്ചായത്തോ കൊയ്ത്തു യന്ത്രം വാങ്ങണമെന്ന കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം ഇനിയും നടപ്പിലായിട്ടില്ല.
തൊഴിലാളികളെ ഉപയോഗിച്ച് കൊയ്താൽ വൻ ജോലിക്കൂലി കർഷകരിൽ നിന്നും ചെലവാകും. അത് താങ്ങാൻ കർഷകർക്ക് കഴിയില്ല. അതിനാൽ അടിയന്തരമായി കൊയ്ത്ത് യന്ത്രം എത്തിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.