saju-sucide-attempt

 പെട്രോളുമായി മരത്തിൽ കയറിയ ആളെ താഴെയിറക്കി

പേരൂർക്കട: കുടപ്പനക്കുന്ന് ഡെയറിഫാം കോമ്പൗണ്ടിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ മുൻ ജീവനക്കാരനെ അഗ്നിശമനസേന രക്ഷിച്ചു. ഇന്നലെ രാവിലെ 11ഓടെ പാതിരിപ്പള്ളി ത്രിവേണി ഗാർഡൻസ് മഹനീയം നിവാസിൽ സജുവാണ് (45) ഫാം കോമ്പൗണ്ടിലെ മരത്തിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഫാമിലെ താത്കാലിക ക്ലീനിംഗ് തൊഴിലാളിയായിരുന്ന ഇയാളെ നേരത്തെയുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. ഒപ്പം പിരിച്ചുവിട്ടയാളെ തിരിച്ചെടുത്തെന്നും തന്നെയും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാശ്രമം.

പെട്രോളും മണ്ണെണ്ണയുമായി മരത്തിൽക്കയറിയ സജു കൈവശമുണ്ടായിരുന്ന കയർ ഉപയോഗിച്ച് മരത്തിലും കഴുത്തിലുമായി കുരുക്കിട്ടു. ജില്ലാകളക്ടറെ കണ്ടു സംസാരിക്കണമെന്ന് ഇയാൾ മരത്തിൽ നിന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. പേരൂർക്കട പൊലീസും ചെങ്കൽചൂളയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും ഇയാൾ ഇറങ്ങാൻ തയ്യാറായില്ല. തുടർന്ന് ഫാം സൂപ്രണ്ട് സ്ഥലത്തെത്തി സംസാരിച്ചു. പ്രശ്‌നം ചർച്ചചെയ്‌തു രമ്യമായി പരിഹരിക്കാമെന്ന ഉറപ്പിലാണ് ഇയാൾ താഴെ ഇറങ്ങാൻ തയ്യാറായത്. ചെങ്കൽചൂള ഫയർസ്റ്റേഷൻ ഓഫീസർ രാമമൂർത്തി, അസി. സ്റ്റേഷൻ ഓഫീസർമാരായ ജയകുമാർ, പ്രദീപ്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ഷഹീർ, പ്രവീൺ, പ്രമോദ്, റെസ്‌ക്യു ഓഫീസർ ഡ്രൈവർ സജിത്ത്, ഹോം ഗാർഡ് ശ്യാമളകുമാർ എന്നിവർ ചേർന്നാണ് സജുവിനെ താഴെയിറക്കിയത്.