കാട്ടാക്കട: സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് മുമ്പ് പ്രധാന വഴി നൽകാത്തതിലുള്ള കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌തു. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. കാട്ടാക്കട മാർക്കറ്റിലെ സിവിൽ സ്റ്റേഷനിലേക്ക് പ്രധാന വഴി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി പ്രതിഷേധസമരവും ഒപ്പുശേഖരണവും നടക്കുകയായിരുന്നു. മാർക്കറ്റിന് മുന്നിലെ സമരപ്പന്തലിൽ എം. വിൻസെന്റ് എം.എൽ.എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു. ഇതിനുശേഷം സിവിൽ സ്റ്റേഷനിലേക്ക് കടക്കാനായി മാർക്കറ്റിലെ മതിൽ പൊളിച്ചതോടെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമായി. ഇതിനിടെ യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജുസാമുവലിനെ പൊലീസ് അറസ്റ്റുചെയ്‌തു. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ മാർക്കറ്റ് റോഡ് ഉപരോധിച്ചതോടെ മണിക്കൂറുകളോളം കാട്ടാക്കട ആര്യനാട് റോഡിലെ ഗതാഗതം നിലച്ചു. കോൺഗ്രസ് നേതാക്കളായ പൊന്നെടുത്തകുഴി സത്യദാസ്, എം.ആർ. ബൈജു, കട്ടയ്ക്കോട് തങ്കച്ചൻ, ഷാജിദാസ്, എസ്.ടി. അനീഷ് എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ്ചെയ്‌തുനീക്കി. ഷാജിദാസ്, എസ്.ടി. അനീഷ്, ലിജുസാമുവൽ എന്നിവരെ പിന്നീട് റിമാൻഡ് ചെയ്‌തപ്പോൾ മറ്റുള്ളവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മലയിൻകീഴ്, നെയ്യാർ ഡാം, മാറനല്ലൂർ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചു. പൊലീസ് മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണന്നും അറസ്റ്റുചെയ്‌തവരെ വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അരുവിക്കര ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാറിന്റെ നേതൃത്വത്തിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ കാട്ടാക്കട സ്റ്റേഷനിലേയ്‌ക്ക് പ്രതിഷേധ പ്രകടനം നടത്തി. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്, കാട്ടാക്കട ഇൻസ്‌പെക്ടർ ഡി. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷന്റെ ഗേറ്റടച്ച് പ്രതിരോധിച്ചു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് കോൺഗ്രസ് നേതാക്കൾ നെടുമങ്ങാട് ഡിവൈ.എസ്.പിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം അവസാനിപ്പിച്ചു.