
തിരുവനന്തപുരം: തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാൻ ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെ, അമ്പത് വർഷത്തേക്കുള്ള പാട്ടക്കരാർ ഉടൻ ഒപ്പുവയ്ക്കും.സർക്കാരിന്റെ എതിർപ്പ് വകവയ്ക്കാതെ, കഴിഞ്ഞ മാസം അദാനി ഗ്രൂപ്പുമായി എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതിന്റെ തുടർനടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കും. തിരുവനന്തപുരത്തിനൊപ്പം ലേലത്തിൽ പിടിച്ച മംഗളൂരു, അഹമ്മദാബാദ്, ലക്നൗ വിമാനത്താവളങ്ങൾ നവംബർ12ന് അദാനിക്ക് കൈമാറും. വിമാനത്താവള നടത്തിപ്പിന് വിദേശപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ അദാനി ഗ്രൂപ്പും വേഗത്തിലാക്കി.നടത്തിപ്പ് അനിശ്ചിതാവസ്ഥയിലായതിനാൽ രണ്ടു വർഷമായി തിരുവനന്തപുരം വിമാനത്താവള വികസനം മുരടിപ്പിലായിരുന്നു. അന്താരാഷ്ട്ര സർവീസുകൾ കുറഞ്ഞ്, വികസനപ്രവർത്തനങ്ങൾ സ്തംഭിച്ച് മൂക്കുകുത്തി താഴേക്ക്. ജെറ്റ്, സൗദിയ, ഫ്ലൈ ദുബായ്, സിൽക്ക് എയർലൈനുകൾ ഇവിടെ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ അവസാനിപ്പിച്ചു. ഗോ-എയർ, എയർഏഷ്യ എന്നിവ ചെലവുകുറഞ്ഞ ആഭ്യന്തര സർവീസുകൾക്കും ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ ആസ്ട്രേലിയൻ കണക്‌ഷനോടെ, തിരുവനന്തപുരം-സിംഗപ്പൂർ സർവീസിനും ശ്രമിച്ചെങ്കിലും നടപടിയായില്ല. ഓരോ യാത്രക്കാരനും 168രൂപ വീതം അദാനിഗ്രൂപ്പ് വിമാനത്താവള അതോറിട്ടിക്ക് നൽകണം. പ്രതിവർഷം 75കോടി പാട്ടത്തുക നൽകുന്നതിനു പുറമെ വിമാനത്താവള വികസനത്തിന് പണം മുടക്കേണ്ടതും അദാനിയാണ്. അതിനാൽ സർവീസുകൾ വർദ്ധിപ്പിച്ച് യാത്രക്കാരുടെ എണ്ണം കൂട്ടും.നിലവിലെ 33,300ചതുരശ്രഅടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000ചതുരശ്രഅടി കൂട്ടിച്ചേർത്ത് പുതിയ ടെർമിനൽ നിർമ്മിക്കുന്നതിന് നേരത്തേ എയർപോർട്ട് അതോറിട്ടി പ്രഖ്യാപിച്ച 600 കോടിയുടെ പദ്ധതികൾ മരവിപ്പിലാണ്. 18.30 ഏക്കർ ഭൂമിയേറ്റെടുത്താലേ പദ്ധതി യാഥാർത്ഥ്യമാവൂ. അദാനിക്ക് സ്ഥലമെടുത്ത് നൽകില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ പദ്ധതി പ്രതിസന്ധിയിലാണ്.

ലോകോത്തര സൗകര്യങ്ങൾ വരും
യൂറോപ്പിലെ പഞ്ചനക്ഷത്ര മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ എഫ്.എം.ജി കമ്പനിയെ നടത്തിപ്പിൽ പങ്കാളിയാക്കും
ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്കടക്കം തിരുവനന്തപുരത്തുനിന്ന് കണക്ഷൻ സർവീസുണ്ടാവും. കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇങ്ങോട്ട് പറക്കും. മത്സരമുണ്ടായാൽ ടിക്കറ്റ് നിരക്ക് കുറയും.
അദാനി പാട്ടത്തിൽ പിടിച്ച മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ്, ജയ്‌പൂർ, ഗുവാഹത്തി, വാരണാസി, അമൃത്‌സർ, ഭുവനേശ്വർ, ഇൻഡോർ, ട്രിച്ചി വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസുകളുണ്ടാവും.