തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ തെങ്ങ് കൃഷി വികസനത്തിനായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഇന്ന് രാവിലെ 11ന് മന്ത്രി വി.എസ്. സുനിൽകുമാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയായിരിക്കും.

വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളിലെ 250 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. രോഗം ബാധിച്ച തെങ്ങ് മുറിച്ചു മാറ്റി പകരം തെങ്ങിൻ തൈ വിതരണം, തെങ്ങിന് വളം, തെങ്ങുകയറ്റ യന്ത്രം, ജലസേചന പമ്പ് സെറ്റ്, കിണർ, ഇടവിള കൃഷി കിറ്റ് വിതരണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. കെടുങ്ങാനൂർ, വാഴോട്ടുകോണം, നെട്ടയം, കാച്ചാണി, തുരുത്തും മൂല, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, കിണവൂർ, ചെട്ടിവിളാകം എന്നീ വാർഡുകളിലുള്ളവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. 31 വരെ അപേക്ഷകൾ വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളിൽ സ്വീകരിക്കും.