
പയ്യന്നൂർ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തിയതിന് പുറകെ പയ്യന്നൂരിൽ വ്യാജ ബോംബും. കണ്ടങ്കാളി സ്കൂളിനടുത്ത് പടോളി റോഡരികിലാണ് കണ്ടാൽ സ്റ്റീൽ ബോംബ് എന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തിയത്.
ഒറ്റ നോട്ടത്തിൽ തന്നെ ശ്രദ്ധയിൽ പെടുന്ന വിധത്തിലാണ് റോഡരികിൽ ' ബോംബ് ' ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവർ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ. പി. ബാബുമോന്റെ നേതൃത്വത്തിൽ പൊലീസും പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിൽ പരിശോധന നടത്തി.
' ബോംബ് ' പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അന്നൂരിൽ റോഡരികിൽ നിന്ന് നാടൻ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കരുതലോടെയാണ് പൊലീസ് ' വ്യാജബോംബ് ' കൈകാര്യം ചെയ്തത്. ബോംബ് സ്ക്വാഡ് എസ്.ഐ. ശശിധരന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ ഉണ്ടായിരുന്നത് ചെളിയും കല്ലുമാണെന്ന് കണ്ടെത്തി. ജനങ്ങളെയും പൊലീസിനെയും പറ്റിക്കുവാൻ ഏതോ വിരുതർ ഒപ്പിച്ച വേലയാണ് ബോംബ് ഭീഷണിയെന്നാണ് പൊലീസിന്റെ നിഗമനം.
അതേ സമയം ഞായറാഴ്ച രാവിലെ അന്നൂരിൽ കണ്ടെത്തിയ നാടൻ തോക്കും തിരകളും ബാലസ്റ്റിക് , ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.