കൊച്ചി: മത്സ്യബന്ധന മേഖലയെ കൊളളയടിക്കാൻ ഉതകുന്ന കരിനിയമമാണ് സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസിലൂടെ നടപ്പിലാക്കുവാൻ ശ്രമിക്കുന്നതെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോൺ ആരോപിച്ചു. ആർ.എസ്.പി എറണാകുളം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. 2020ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓർഡിനൻസ് നിയമ വിരുദ്ധവും അപ്രായോഗികവും മത്സ്യതൊഴിലാളികളെ ദ്രോഹിക്കുന്നതുമാണ്. സർക്കാരിനു താല്പര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തി ലാൻ്റിംഗ് സെൻ്റർ , ഹാർബർ മാനേജ്മെൻ്റ് കമ്മിറ്റികൾ വഴി മത്സ്യബന്ധന മേഖലയാകെ സി.പി എമ്മിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിൽ. ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ച തീരുമാനത്തിനു വിരുദ്ധമായി ഏതെങ്കിലും മത്സ്യതൊഴിലാളി അപ്പീൽ നൽകണമെങ്കിൽ പിഴ തുക മൊത്തം കെട്ടി വയ്ക്കണം. ഇങ്ങനെ ഒരു വ്യവസ്ഥ നിൽക്കുമ്പോൾ ഉദ്യോഗസ്ഥൻ തെറ്റായ തീരുമാനം എടുത്താൽ അയാൾക്കെതിരെ വ്യവഹാരമോ, പ്രോസിക്യൂഷനോ, നിയമ നടപടികളോ പാടില്ലാ എന്നത് ജനാധിപത്യ സംസ്കാരത്തിനു ചേന്നതല്ലെന്നും അദ്ദേഹം പുറഞ്ഞു.
കരിനിയമത്തിനെതിരെ ആർ.എസ്.പിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 22 രാവിലെ 11 മണിക്ക് കാക്കനാട് കളക്ട്രേറ്റിന് മുന്നിൽ ഓർഡിനൻസ് കത്തിച്ച് പ്രതിഷേധിക്കും. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. കൊച്ചി,വൈപ്പിൻ മേഖലയിലെ 10കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തും. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ റെജി കുമാർ, ജെ കൃഷ്ണകുമാർ, പി.ടി സുരേഷ് ബാബു, കെ.എം ജോർജ് ,ബേബി പാറേക്കാട്ടിൽ, എ.എസ് ദേവപ്രസാദ്, വി.ബി മോഹനൻ, അജിത് പി വർഗ്ഗീസ്, എസ് ജലാലുദ്ദിൻ, ജി.പി ശിവൻ ,സുരേഷ് നായർ,ജീവൻ ജേക്കബ് , കെ.ബി സലാം, കെ.ബി ജബ്ബാർ എന്നിവർ സംസാരിച്ചു.