
ആലപ്പുഴ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മാരുതി ഒമ്നി വാനിൽ നിന്ന് 35 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടികൂടി. 18 ചാക്കുകളിലായി സൂക്ഷിച്ച 200 പാക്കറ്റ് ഹാൻസ് ഉൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങളും 150 ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. തിരുവല്ല രജിസ്ട്രേഷനിലുള്ള വാഹനം ഒരാഴ്ചയായി വലിയ ചുടുകാടിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലം നിരീക്ഷിച്ച എക്സൈസ് സംഘം ഇന്നലെ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലഹരി മാഫിയ വഴിയരികിൽ നിർത്തിയിട്ട വാഹനം ഗോഡൗണാക്കി, സമീപത്തെ ചെറിയ കടകളിലും ആലപ്പുഴ നഗരത്തിലും നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും വിതരണം ചെയ്യുകയായിരുന്നുവെന്നാണ് എക്സൈസിന്റെ നിഗമനം. ഇരവുകാട് വാർഡിൽ കളർകോട്, വാടയ്ക്കൽ ഭാഗത്തെ ചെറിയ കടകളിൽ നിന്ന് അടുത്തിടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിൽ നഗരത്തിൽ പരിശോധന ശക്തമാക്കാനാണ് എക്സൈസ് തീരുമാനം.