
കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ സർക്കാർ നടപടി
തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിൽ 2015 ജൂൺ 22ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്ക് 2021 ജൂൺ 22 വരെ സമയം അനുവദിച്ച് സർക്കാർ ഉത്തരവായി. പേര് ചേർക്കാൻ കഴിയാത്തതിനാൽ വിദ്യാഭ്യാസത്തിനും വിദേശയാത്രകൾക്കും കഴിയാതെ ജനം ദുരിതത്തിലായ കാര്യം കേരളകൗമുദി ഈമാസം 12ന് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.
ജനന ശേഷം 15വർഷത്തിനുള്ളിൽ രജിസ്റ്ററിൽ പേരു ചേർത്തിരിക്കണമെന്ന കേന്ദ്രനിയമം സംസ്ഥാനത്ത് കർശനമാക്കി 2015ൽ ഉത്തരവിറക്കിയിരുന്നു. 2015 ജൂൺ 22ന് മുമ്പുള്ള ജനന രജിസ്റ്ററിൽ പേരു ചേർക്കാൻ അനുവദിച്ച അഞ്ചു വർഷത്തെ കാലാവധി ഈവർഷം ജൂൺ 22ന് സമയം അവസാനിച്ചു. സർക്കാർ ഇക്കാര്യം പരസ്യപ്പെടുത്തിയെങ്കിലും പലരും പേര് ചേർത്തില്ല. ഇക്കാലയളവിൽ ജനിച്ച ഭൂരിഭാഗം പേർക്കും ലഭിച്ച സർട്ടിഫിക്കറ്റിൽ പേരില്ല. വിവിധ ആവശ്യങ്ങൾക്കായി ജനനസർട്ടിഫിക്കറ്റ് ആവശ്യമായതോടെയാണ് പലരും പേര് ചേർക്കാൻ തദ്ദേശസ്ഥാപനങ്ങളിലെത്തിയത്. സമയം അവസാനിച്ചതിനാൽ ഉദ്യോഗസ്ഥർ കൈമലർത്തി. എന്നാൽ ജനങ്ങളുടെ പ്രശ്നം കണക്കിലെടുത്ത് സർക്കാർ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചെങ്കിലും നടപടി വൈകി. കൊവിഡ് പ്രതിസന്ധി ഉൾപ്പെടെ പരിഗണിച്ച് കേന്ദ്ര നിർദേശം വരുന്നത് കാത്തുനിൽക്കാത്ത നിയമവകുപ്പിന്റെ അനുമതിയോടെയാണ് 2021 ജൂൺവരെ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.
' സർട്ടിഫിക്കറ്റ് പരിശോധിച്ചത് ഈ കാലയളവിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാർമാർ ഇത് ഉറപ്പാക്കണം.'
- എം. രാമൻകുട്ടി
ജനന മരണ ചീഫ് രജിസ്ട്രാർ