
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച ശേഷം കെ.എം.മാണിയുടെ മരണത്തോടെ അവസാനിച്ച ബാർകോഴക്കേസ് വീണ്ടും ഉയിർത്തെഴുനേൽക്കുന്നു. പൂട്ടിക്കിടന്ന 418 ബാറുകളുടെ ലെെസൻസ് പുതുക്കിനൽകാൻ ധനമന്ത്രി കെ.എം.മാണിക്ക് ഒരുകോടി കോഴ നൽകിയെന്ന് ബാർഹോട്ടൽ ഉടമകളുടെ സംഘടനാ നേതാവ് ബിജുരമേശ് ചാനൽചർച്ചയിൽ വെളിപ്പെടുത്തിയതാണ് ആദ്യബാർകോഴക്കേസിന്റെ തുടക്കം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്റിമാരായ കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് പണമെത്തിച്ചെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലാണ് രണ്ടാം ബാർകോഴക്കേസിനു വഴിയൊരുക്കുന്നത്. ബാർകോഴ വീണ്ടും കേസായാൽ ആസന്നമായ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ മുഖ്യപ്രചാരണായുധമായി ഇതുമാറും.
പുതിയ വെളിപ്പെടുത്തലുകളിൽ അന്വേഷണം തേടി ആലപ്പുഴയിലെ അഭിഭാഷകൻ മുഖ്യമന്ത്രിക്ക് പരാതിനൽകുകയും ഇടതുമുന്നണി അന്വേഷണത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തതോടെ ബാർകോഴ വീണ്ടും വിജിലൻസ് അന്വേഷിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രിക്കു കിട്ടിയ പരാതി വിജിലൻസിന് കൈമാറിയിട്ടുണ്ട്. പാർലമെന്റ് പാസാക്കിയ അഴിമതിനിരോധ നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനും അന്വേഷണത്തിനും ഉന്നതാധികാരിയുടെ അനുമതി വേണം. ലഭിച്ച പരാതികളും വിവരങ്ങളുമെല്ലാം വിജിലൻസ് സർക്കാരിലേക്ക് അയയ്ക്കണം. ആഭ്യന്തരവകുപ്പ് പരിശോധിച്ച് മുഖ്യമന്ത്രിക്ക് ശുപാർശ നൽകണം. സർക്കാർ അനുമതിയുണ്ടെങ്കിലേ കേസെടുക്കാനാവൂ.
കേസെടുക്കുംമുൻപ് ബിജുരമേശിന്റെ ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് വിജിലൻസിന് അനുമതി നൽകിയേക്കും. ബിജുരമേശിന്റെ മൊഴിയെടുക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്തശേഷം എഫ്.ഐ.ആർ ആവശ്യമാണോയെന്ന് വിജിലൻസ് സർക്കാരിനെ അറിയിക്കും. കെ.എം.മാണിക്കെതിരായ കേസിനൊപ്പം ബാബുവിനും ശിവകുമാറിനുമെതിരായ കോഴയാരോപണം വിജിലൻസ് അന്വേഷിച്ചിരുന്നെങ്കിലും തെളിവില്ലെന്നാണ് കണ്ടെത്തിയത്. എസ്.പി.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവുകൾ അട്ടിമറിച്ചതായി ബിജുരമേശ് ആരോപണമുന്നയിച്ച സ്ഥിതിക്ക് പുതിയൊരു അന്വേഷണത്തിന് സാദ്ധ്യതയുണ്ട്. ബാബുവിന്റെ പ്രൈവറ്റ്സെക്രട്ടറിക്ക് കോഴപ്പണം കൈമാറിയതിന് മുഹമ്മദ് റഫീഖ് എന്ന ദൃക്സാക്ഷിയുണ്ടെന്നും ബിജു വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ ആദ്യ ബാർകോഴക്കേസിലെ 15 സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും ഈ കേസിലും നിർണായകമാവും. ക്ലീൻചിറ്റ് റിപ്പോർട്ടുകൾ കോടതികൾ തള്ളിക്കളഞ്ഞതിനെത്തുടർന്ന് കെ.എം.മാണിക്കെതിരായ കേസിൽ വിജിലൻസ് മൂന്നുവട്ടം പുനരന്വേഷണം നടത്തിയിരുന്നു. ബിജുരമേശിന്റെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ബിജുവിന്റെ ആരോപണം
കെ.ബാബുവിന്റെ നിർദ്ദേശമനുസരിച്ച് ബാറുടമകളിൽ നിന്ന് പത്തുകോടി രൂപ പിരിച്ചെടുത്തു. 50ലക്ഷം രൂപ ബാബുവിന്റെ ഓഫീസിലും ഒരു കോടി രൂപ ചെന്നിത്തലയുടെ കെ.പി.സി.സിയിലെ ഓഫീസിലും എത്തിച്ചു. 25ലക്ഷം രൂപ വി.എസ്. ശിവകുമാറിന്റെ വീട്ടിലെത്തിച്ചു. കെ.ബാബുവിന്റെ നിർദ്ദേശപ്രകാരം പലർക്കും പണം നൽകി.
ഇനിയുള്ളത്
4 നടപടികൾ
1. വിജിലൻസിന് കിട്ടിയ പരാതികൾ പ്രത്യേക ഫയലാക്കി ആഭ്യന്തരസെക്രട്ടറിക്ക് കൈമാറണം.
2. അസി.ലീഗൽ അഡ്വൈസർ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരുടെ നിയമോപദേശം ഫയലിലുണ്ടാവണം.
3. ആഭ്യന്തരസെക്രട്ടറി അവയെല്ലാം പരിശോധിച്ച് ശുപാർശയോടെ മുഖ്യമന്ത്രിക്ക് കൈമാറണം
4. മുഖ്യമന്ത്രി ഒപ്പിടുന്നതോടെ കോഴയിടപാട് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകി ആഭ്യന്തരസെക്രട്ടറി ഉത്തരവിറക്കും.