
തിരുവനന്തപുരം: ശ്രമിച്ചാൽ ലോകത്ത് ചലനമുണ്ടാക്കാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കും കഴിയുമെന്ന് തെളിയിക്കുകയാണ് നെയ്യാൻറ്റികര ആറാലുംമൂട്ടിലെ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് അഥവാ കെ.എ.എൽ. 45 വർഷം മുമ്പു പിറന്ന കെ.എ.എല്ലിന്റെ തുടക്കം ലാഭപാതയിലായിരുന്നു. പിന്നീട് നഷ്‌ടത്തിലേക്ക് വീണു.
2018ൽ തിരിച്ചുവരവിന്റെ ട്രാക്കിലേക്ക് കെ.എ.എൽ മാറി. ഇലക്‌ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യത ഏറിയതോടെ, കെ.എ.എല്ലിന്റെ തലവര തെളിഞ്ഞു. 'നീം ജി" ബ്രാൻഡിൽ ഇലക്‌ട്രിക് ഓട്ടോറിക്ഷകൾ നിർമ്മിച്ച കെ.എ.എൽ., ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഇ-ഓട്ടോ കയറ്റുമതി ചെയ്യുന്ന ആദ്യ സ്ഥാപനമെന്ന പട്ടവും ചൂടി.
നേപ്പാളിലേക്കുള്ള ഇ-ഓട്ടോകളുടെ ആദ്യ ബാച്ച് കഴിഞ്ഞദിവസം പുറപ്പെട്ടു. ഈ വർഷം 500 ഇ-ഓട്ടോകളാണ് നേപ്പാളിലേക്ക് അയയ്ക്കുക. ബംഗ്ളാദേശ്, ശ്രീലങ്ക, കെനിയ, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നീം ജിക്ക് അന്വേഷണമുണ്ട്. 2018ലാണ് ഇ-ഓട്ടോയുടെ രൂപകല്പനയും പ്രോട്ടോടൈപ്പും കെ.എ.എൽ തയ്യാറാക്കിയത്. കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമുള്ള എൽ5 ഓട്ടോ കാറ്റഗറി സർട്ടിഫിക്കേഷൻ 2019 ജൂണിൽ ലഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 15 ഡീലർമാരുണ്ട്; കേരളത്തിന് പുറത്ത് 50ഓളവും.
ഇച്ഛാശക്തിയുടെ വിജയം
കാലികമായ മാറ്റങ്ങൾക്കൊപ്പം മുന്നേറാനുള്ള ഇച്ഛാശക്തിയാണ് കെ.എ.എല്ലിന്റെ വിജയത്തിന്റെ കരുത്ത്. അർപ്പണബോധമുള്ള തൊഴിലാളികളും സമർപ്പിതരായ മാനേജ്‌മെന്റും സംസ്ഥാന സർക്കാരിന്റെ പിന്തുണയും കുതിപ്പിന് ആക്കംകൂട്ടി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃകയായുള്ള കെ.എ.എല്ലിന്റെ കുതിപ്പ് ചെയർമാൻ കരമന ഹരിക്കും വളർച്ചയ്ക്ക് നേരിട്ട് നേതൃത്വം നൽകിയ മാനേജിംഗ് ഡയറക്‌ടർ ഷാജഹാനും അഭിമാന മൂഹൂർത്തമാണ്.
കൂടുതൽ
ഇ-വാഹനങ്ങൾ
ഇലക്‌ട്രിക് ഓട്ടോറിക്ഷാ നിർമ്മാണത്തിൽ ശ്രദ്ധിച്ച കെ.എ.എല്ലിന് പത്തുകോടി രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു. കൂടുതൽ പിന്തുണയും സർക്കാർ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇ-ഓട്ടോയ്ക്ക് പുറമേ നാലുചക്ര വാഹനങ്ങളും മറ്റ് ഇ-വാഹനങ്ങളും കെ.എ.എൽ നിർമ്മിക്കും.
നീം ജിയുടെ മികവ്
കഠിനമായ നിരത്തിലും ഓടിക്കാം
നീം ജി ഓട്ടോ റെഡി-ടു-ബി ഓൺറോഡ് ആണ്
ഒറ്റ ചാർജിൽ 80-90 കിലോമീറ്രർ വരെ പോകാം
ചാർജിംഗിന് എട്ട് മിനുട്ട് ധാരാളം
കിലോമീറ്രർ ചെലവ് വെറും 50 പൈസ
മെയിന്റനൻസ് ചെലവ് മറ്റ് ഓട്ടോകളുടെ 10 ശതമാനം മാത്രം
വില ₹2.6 ലക്ഷം