
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യം നടത്തും. നവംബർ ആദ്യവാരത്തോടെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. ഡിസംബർ പകുതിയോടെ പുതിയ ഭരണസമിതികൾ ചുമതലയേൽക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ നവംബർ 12ന് പുതിയ ഭരണസമിതികൾ ചുമതലയേൽക്കാത്തതിനാൽ ഒരു മാസം ഉദ്യോഗസ്ഥ ഭരണത്തിലായിരിക്കും. എല്ലാ ജില്ലകളിലും സുരക്ഷയൊരുക്കാൻ പൊലീസ് സജ്ജമാണെങ്കിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന് താത്പര്യം. ഡി.ജി.പി ലോക്‌നാഥ് ബഹ്റയുമായി കൂടി ആലോചിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനം. പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഏഴു ജില്ലകളിൽ വീതം രണ്ടുഘട്ടമായി നടത്താനാണ് സാദ്ധ്യത.
കൊവിഡ് പശ്ചാത്തലത്തിൽ പഞ്ചായത്തുകളിൽ 1200 ഉം, കോർപറേഷൻ,മുൻസിപാലിറ്റിയിൽ
1500 ഉം വോട്ടർമാരിൽ കൂടുതലുള്ള പോളിംഗ് ബൂത്തുകളിൽസമീപത്തായി മറ്റൊന്നു കൂടി സജ്ജമാക്കുന്നതിനുള്ള കണക്കെടുപ്പ് പുരോഗമിക്കുകയാണ്. വേട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഒരവസരം കൂടി നൽകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതിനായി ഓൺലൈനിൽ സൗകര്യമൊരുക്കും. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.