abhaya

തിരുവനന്തപുരം:സിസ്റ്റർ അഭയയുടേത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നും ആദ്യഘട്ട അന്വേഷണത്തിൽത്തന്നെ ബോധ്യമായെന്ന് സി.ബി.എെ യുടെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവെെ.എസ്.പി വർഗ്ഗീസ് .പി.തോമസ് പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകി.

ആറ് മാസത്തിന് ശേഷം ആരംഭിച്ച വിചാരണയിലാണ് മൊഴി.സി.ബി.എെ ആസ്ഥാനത്ത് നിന്ന് ലഭിച്ച നിർദ്ദേശ പ്രകാരമാണ് ഡിവെെ.എസ്.പിയായ താൻ 1993ൽ കേസന്വേഷണം ഏറ്റെടുത്തത് .അന്വേഷണത്തിന്റെ ഭാഗമായി മദർ സുപ്പീരിയർ,അഭയയുടെ റൂം മേറ്റ് സിസ്റ്റർ അനുപമ, ഫോറൻസിക് വിദഗ്ദ്ധൻ ഡോ. സി.രാധാകൃഷ്ണപിളള,കോൺവെന്റിലെ ജീവനക്കാർ എന്നിവരുടെയെല്ലാം മൊഴിയെടുത്തിരുന്നു. സിസ്റ്റർ അഭയയുടെ ശരീരത്തിൽ കണ്ട മുറിവുകളും സാഹചര്യത്തെളിവുകളും പരിശോധിച്ചതിൽ നിന്നാണ് അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് തനിക്ക് ബോദ്ധ്യം വന്നതെന്ന് വർഗ്ഗീസ്.പി.തോമസ് അറിയിച്ചു.

അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടം പൂർത്തിയായപ്പോൾ തന്നെ, മേലുദ്യോഗസ്ഥനായ എസ്.പി. ത്യാഗരാജനിൽ നിന്ന് സമ്മർദ്ദമുണ്ടായി. തുടർന്ന് താൻ സ്വയം വിരമിക്കലിന് അപേക്ഷ നൽകി സി.ബി.എെ വിട്ടു.. കേസ് ആദ്യം അന്വേഷിച്ചത് ക്രെെം ബ്രാഞ്ച് എസ്.പി മെെക്കിളിന്റെ നേതൃത്വത്തിലുളള സംഘമാണ് .ഡിവെെ.എസ്.പി കെ.സാമുവലാണ് അന്വേഷണം നടത്തിയിരുന്നത്.സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയിരുന്ന തൊണ്ടി മുതലുകൾ സാമുവൽ മടക്കി വാങ്ങിയെങ്കിലും അവയൊന്നും കേസ് ഏറ്റെടുത്ത ശേഷം തനിക്ക് കെെമാറിയില്ലെന്ന് വർഗ്ഗീസ്.പി.തോമസ് അറിയിച്ചു.