kerala-uni

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഒ​റ്റത്തവണ പുനർമൂല്യനിർണയം നടന്ന കാലത്തെ ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കുന്നു. 15 പരീക്ഷകളിലെ മൂല്യനിർണയമാണ് പുനഃപരിശോധിക്കുന്നത്. ആദ്യം ലഭിച്ച മാർക്കും പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കും തമ്മിൽ 10 ശതമാനത്തിലധികം വ്യത്യാസമുണ്ടായാൽ മൂന്നാമതും മൂല്യനിർണയം ചെയ്യാറുണ്ടായിരുന്നു. മൂന്നാമത്തെ മൂല്യനിർണയത്തിൽ ലഭിച്ച മാർക്കും നേരത്തേ ലഭിച്ച മാർക്കുകളിൽ മൂന്നാം മൂല്യനിർണയത്തിലെ മാർക്കുമായി ഏ​റ്റവും അടുത്തുനിൽക്കുന്നതും കണക്കിലെടുത്ത് അവയുടെ ശരാശരിയാണ് അന്തിമ മാർക്കായി നൽകിയിരുന്നത്.

ഈ രീതി 2019 ജൂണിൽ ഒഴിവാക്കി. പകരം പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന മാർക്ക് അന്തിമമായി കണക്കാക്കാൻ തീരുമാനിച്ചു. ഇതോടെ യഥാർഥ മാർക്കിനെക്കാൾ 35 ശതമാനം വർദ്ധനവരെ പലർക്കും ലഭിച്ചു. അത് അന്തിമ മാർക്കായി കണക്കാക്കി മാർക്ക് ലിസ്​റ്റ് നൽകി. ഇത്തരത്തിൽ എഴുനൂറോളം പേർക്ക് ഉയർന്ന മാർക്ക് ലഭിച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ രീതി ജനുവരിയിൽ സിൻഡിക്കേ​റ്റ് യോഗം റദ്ദാക്കി. പഴയ പുനർമൂല്യനിർണയരീതി തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന് മുൻകാല പ്രാബല്യംകൂടി നൽകിയതോടെയാണ് 2019 ജൂണിനും 2020 ജനുവരിക്കും ഇടയിലുള്ള വിദ്യാർത്ഥികൾ വെട്ടിലായത്. ഇവരുടെ പുനർമൂല്യനിർണയം ചെയ്ത പേപ്പറുകൾക്ക് ലഭിച്ച മാർക്ക് പുനഃപരിശോധിക്കാനാണ് സർവകലാശാല തീരുമാനിച്ചത്. ഇക്കാര്യമറിയിച്ച് വിദ്യാർത്ഥികൾക്ക് സർവകലാശാല അറിയിപ്പ് നൽകി.
എന്നാൽ, കോഴ്സ് വിജയിച്ച് സർട്ടഫിക്ക​റ്റ് വാങ്ങിയവരും ജോലി നേടിയവരും മ​റ്റുകോഴ്സുകൾക്ക് ചേർന്നവരുമൊക്കെ ഈ വിഭാഗത്തിലുണ്ട്. എൽഎൽ.ബി പരീക്ഷയിൽ പുനർമൂല്യനിർണയത്തിൽ വിജയിച്ച ശേഷം അഭിഭാഷകരായി എന്റോൾ ചെയ്തവരുമുണ്ട്. ഇത്തരക്കാർ സർവകലാശാലയെ സമീപിക്കുമ്പോൾ അധികൃതർ കൈമലർത്തുകയാണ്. വി.സി.ക്ക് പരാതി നൽകാനാണ് ജീവനക്കാരുടെ നിർദ്ദേശം.