d

തൃശൂർ: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ഗുണ്ടാസംഘാംഗങ്ങൾ തമ്മിൽ സംഘട്ടനം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പാടൂക്കാട് സ്വദേശി വിജുവിന് (30) ആണ് സംഘട്ടനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങാവിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

ഗുണ്ടാലിസ്റ്റിൽപെട്ട വിജുവും നിരവധി കേസുകളിലെ പ്രതിയായ നെല്ലിക്കാട് സ്വദേശി 'തക്കാളി രാജീവ്' എന്നറിയപ്പെടുന്ന രാജീവും തമ്മിലാണ് അടിപിടി നടന്നത്. ഒഴിഞ്ഞ പറമ്പിലിരുന്ന് ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിടെയുണ്ടായ തർക്കം സംഘട്ടനത്തിലെത്തുകയായിരുന്നു. ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വിജുവിന്റെ തലയ്ക്ക് ഇരുമ്പു പൈപ്പ്‌കൊണ്ട് തക്കാളി രാജീവ് അടിച്ചു. സംഘട്ടനം നടക്കുന്നതിെന്റ ശബ്ദം കേട്ട് സമീപവാസികൾ എത്തുന്നത് കണ്ടതിനെ തുടർന്ന് പരിക്കേറ്റ വിജുവിനെ കൊണ്ട് സംഘത്തിലുള്ളവർ സ്ഥലം വിട്ടു. വാഹനാപകടത്തിൽ പരിക്കേറ്റതാണെന്ന് പറഞ്ഞ് തൃശൂർ ദയ ആശുപത്രിയിലാണ് വിജുവിനെ ആദ്യം പ്രവേശിപ്പിച്ചത്. ഇതിനിടെ നാട്ടുകാർ നൽകിയ വിവരമനുസരിച്ച് ആശുപത്രിയിലേക്ക് പൊലീസെത്തിയതോടെ വിജുവിന്റെ കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. വിജുവിനെ ബന്ധുക്കളെത്തി പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത വിയ്യൂർ പൊലീസ് ആശുപത്രിലെത്തി വിജുവിന്റെ മൊഴിയെടുത്തു. റൗഡി ലിസ്റ്റിലുൾപ്പെട്ട തക്കാളി രാജീവും സംഘവും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.