ips-association

തിരുവനന്തപുരം: ബൈലാ ഭേദഗതി വന്നതോടെ ഐ.പി.എസ് അസോസിയേഷനിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഞ്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നീ പദവികളിലേക്ക് 24നാണ് തിരഞ്ഞെടുപ്പ്. ടോമിൻ തച്ചങ്കരിയോ ഋഷിരാജ് സിംഗോ പ്രസിഡന്റാവും. മറ്റ് പദവികളിലേക്ക് വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കും. ‌ഡി.ജി.പി, എ.ഡി.ജി.പി റാങ്കുള്ള ഉദ്യോഗസ്ഥനാണ് പ്രസിഡന്റാവേണ്ടത്. ഐ.ജി, ഡി.ഐ.ജി റാങ്കിലുള്ളവരാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

സീനിയർ എസ്.പിമാർക്കായി ജോയിന്റ് സെക്രട്ടറി തസ്തിക മാറ്റിവച്ചിട്ടുണ്ട്. രണ്ട് എസ്.പിമാർ, ഓരോ എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജിമാരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടാവുക. ആദ്യമായാണ് ഐ.പി.എസ് അസോസിയേഷനിൽ പരസ്യമായ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്നു ഇതുവരെ അസോസിയേഷൻ സെക്രട്ടറി. സ്ഥിരം പ്രസിഡന്റുണ്ടായിരുന്നില്ല. 90 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്.