
പാറശാല:സംസ്ഥാന സർക്കാരിന്റെ മികച്ച ക്ലബിനുള്ള പുരസ്കാരം നേടിയ കുളത്തൂർ പഞ്ചായത്തിലെ ചങ്ങാതിക്കൂട്ടം വായനശാല ആൻഡ് കലാ സാംസ്കാരികവേദി ക്ലബിനെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ക്ലബ്, മികച്ച കാർഷിക ക്ലബ്, കേരളോത്സവത്തിലെ മത്സരങ്ങളിൽ ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ക്ലബ് എന്നീ പുരസ്കാരങ്ങൾ ചങ്ങാതിക്കൂട്ടം ക്ലബ് നേടിയിട്ടുണ്ട്. കുളത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ക്ലബിലെ അംഗങ്ങളായ സന്നദ്ധ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. കൊവിഡ് കെയർ സെന്റർ,ഐ.ക്യു.സി എന്നിവിടങ്ങളിൽ പ്രവർത്തിച്ചവരും നിലവിലെ സി.എഫ്.എൽ.ടി.സിയിൽ സേവനം അനുഷ്‌ഠിച്ചുവരുന്നവരുമായ സന്നദ്ധ സേവകരായ അംഗങ്ങളെയാണ് ആദരിച്ചത്. മുൻ എസ്.ഇ.ആർ.ടി വിദ്യാഭ്യാസ ഗവേഷണ സമിതി ഡയറക്ടർ എസ്.രവീന്ദ്രൻനായർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബെൽസി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡൻസ്റ്റൻ സി.സാബു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജി.സുധാർജുനൻ,കെ.ലത,രാജ അല്ലി,സെക്രട്ടറി ജി. സന്തോഷ് കുമാർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.