
കോവളം: കാത്തിരിപ്പുകൾക്കൊടുവിൽ തിരുവല്ലം ബൈപാസിൽ അപകടമൊഴിവാക്കാൻ സർവീസ് റോഡുൾപ്പെട്ട പുതിയ പാലത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും. തിരുവല്ലം ആറിന് കുറുകെയുള്ള 50 വർഷത്തിലേറെ പഴക്കുള്ള പഴയപാലം പൊളിച്ചാണ് പുതിയ പാലം നിർമ്മിക്കുക. സർവീസ് റോഡും രണ്ട് മീറ്റർ വീതിയിൽ ഫുട്പാത്തും പാലത്തിലുണ്ടാകും. ഇതിനായി ഇവിടെ സ്ഥലമേറ്റെടുക്കേണ്ടതില്ല. ആറ് മാസത്തിനുള്ളിൽ പുതിയപാലം നിർമ്മിക്കാനാണ് ബൈപാസ് അധികൃതരുടെ തീരുമാനം. അപകടങ്ങൾ പതിവായ തിരുവല്ലത്തെ റോഡിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതിന് മേയറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തെ തുടർന്ന് ഇന്നലെ മന്ത്രി ജി. സുധാകരൻ അപകട മേഖലയായ തിരുവല്ലം ജംഗ്ഷൻ സന്ദർശിച്ചു. ദേശീയപാത അതോറിട്ടി അധികൃതർ പുതിയപാലത്തിന്റെ രൂപരേഖ മന്ത്രിയെ കാണിച്ചു. പാലം പണിതുടങ്ങുന്നതിന് മുമ്പായി ട്രയൽ റണ്ണായി തിരുവല്ലം ബൈപാസിൽ 24 മണിക്കൂറുള്ള താത്കാലിക ട്രാഫിക് സിഗ്നൽ ലൈറ്റടക്കമുള്ള സംവിധാനവുമൊരുക്കും. അപകടനിരക്ക് കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് നാറ്റ്പാക്ക് നടത്തിയ പഠനറിപ്പോർട്ട് മന്ത്രി പരിശോധിച്ചു. മന്ത്രിക്കൊപ്പം ദേശീയപാതയുടെ കേരളാ റീജിയണൽ ഓഫീസർ ബി.എൽ. മീണ, സേഫ്റ്റി ഓഫീസർ വിപിൻ മധു, കൺസൾട്ടന്റ് ജോസഫ് മാത്യു, ട്രാഫിക് അസി.കമ്മിഷണർ എൻ.വി. അരുൺരാജ്, നാറ്റ്പാക്, റോഡ് സേഫ്റ്റി അധികൃതർ എന്നിവരും എത്തിയിരുന്നു.
ട്രാഫിക് പരിഷ്‌കാരങ്ങൾ
-------------------------------------------
ബൈപാസിലെ 25 മീറ്ററോളം ദൂരമുള്ള പഴയ പാലം പൊളിക്കുന്നതോടെ വെള്ളായണി, വെങ്ങാനൂർ, പാച്ചല്ലൂർ, പുഞ്ചക്കരി, കരുമം എന്നിവിടങ്ങളിൽ നിന്ന് തിരുവല്ലത്തേക്ക് വരുന്ന വാഹനങ്ങൾ ഇപ്പോഴത്തെ ജംഗ്ഷനിലെത്തിയശേഷം ഇടത്തോട്ട് തിരിയണം. തുടർന്ന് 50 മീറ്റർ മുന്നിലുള്ള യൂടേൺ എടുത്ത് സിഗ്നൽ കഴിഞ്ഞുവേണം ബൈപാസിലേക്ക് കടക്കേണ്ടത്. പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി കോവളം കുമരിച്ചന്ത ബൈപാസ് വൺവേയാക്കും. ഈഞ്ചയ്ക്കൽ, കല്ലൂമുട്, പരുത്തിക്കുഴി, കുമരിച്ചന്ത ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഈ വൺവേയിലൂടെയാണ് കടന്നുപോകേണ്ടത്. ഇതിനുള്ള ട്രാഫിക് പരിഷ്‌കരണം ഏർപ്പെടുത്താൻ സൗത്ത് ട്രാഫിക് അസി. കമ്മിഷണർക്ക് നിർദ്ദേശം നൽകി.
അപകടം പതിവായ തിരുവല്ലം ജംഗ്ഷൻ
-----------------------------------------------------------
കുമരിച്ചന്ത ഭാഗത്തുനിന്ന് തിരുവല്ലം ജംഗ്ഷനിലേക്ക് പോകുന്ന നാലുവരിപ്പാതയോട് ചേർന്നുള്ള സർവീസ് റോഡ് തിരുവല്ലം ഇടയാറിലെ മൂന്നാറ്റുമുക്ക് റോഡിലാണ് ചേരുന്നത്. സർവീസ് റോഡ് ഇവിടെ അവസാനിക്കുന്നതിനാൽ കുമരിച്ചന്ത, അമ്പലത്തറ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരുവല്ലം ബൈപാസിലെ വൺവേയായ രണ്ടുവരി പാതയിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. വെള്ളായണി, വെങ്ങാനൂർ, പാച്ചല്ലൂർ, കരുമം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ജംഗ്ഷനിലെത്തി വൺവേയായ ബൈപാസ് കടന്നാണ് അമ്പലത്തറ ഭാഗത്തേക്ക് പോകുന്നത്. കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. ഒരേ റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങൾ കടന്നുപോകുന്നത് കാരണമാണ് ഇവിടെ അപകടങ്ങൾ പതിവായത്.
അഞ്ച് വർഷത്തിനിടെ അപകടത്തിൽ മരിച്ചത് - 6 പേർ
''
തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിന് മുന്നിലുള്ള റോഡ് അതേപടി നിലനിറുത്തും. ബൈപാസിലെ മറ്റിടങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗന്ദര്യവത്കരണമാണ് ദേശീയപാത അതോറിട്ടി നടത്തിയത്. എന്നാൽ ബൈപാസിലെ രണ്ടാമത്തെ പ്രധാന ജംഗ്ഷനായ തിരുവല്ലത്ത് സൗന്ദര്യവത്കരണം നടത്താൻ ദേശീയപാത അധികൃതർ ശ്രദ്ധിക്കണമായിരുന്നു
മന്ത്രി ജി. സുധാകരൻ