
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായുള്ള സഖ്യത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത.
മലപ്പുറത്ത് മുസ്ലീം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്കെത്തിയ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, തുടർന്ന് വെൽഫയർ പാർട്ടി നേതാക്കളെയും കണ്ടിരുന്നു.ഇതിന് പിന്നാലെ, തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്,ലീഗ് നേതാക്കളുമായി സീറ്റ് നീക്കുപോക്കിന് ധാരണയായെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിമേൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി .ഇതേ തുടർന്നാണ് കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ടായത്.
വെൽഫയർ പാർട്ടിയുമായി ഒരു സഖ്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.യു.ഡി.എഫ് കൺവീനറായ ശേഷം വിവിധ കക്ഷി നേതാക്കളുമായി എം.എം.ഹസ്സൻ സംസാരിക്കുന്നുണ്ട്. അത് സൗഹൃദ സന്ദർശനങ്ങൾ മാത്രമാണ്. അതിന് തിരഞ്ഞെടുപ്പ് സഖ്യങ്ങളുമായി ബന്ധമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.വെൽഫയർ പാർട്ടി പോലുള്ള സംഘടനകളുമായി സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് മുല്ലപ്പള്ളിയും അഭിപ്രായപ്പെട്ടു.
എന്നാൽ, സഖ്യത്തെ സ്വാഗതം ചെയ്യുന്ന നിലപപാടാണ് കെ.മുരളീധരനടക്കമുള്ള ചില കോൺഗ്രസ് നേതാക്കളുടേത്. വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിന് മുന്നണി തീരുമാനമുണ്ടെന്നും, കോഴിക്കോട്ട് പ്രാദേശിക ധാരണയുണ്ടാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
യുഡിഎഫ് നേതൃത്വവുമായുള്ള ചര്‍ച്ചകളിൽ സഖ്യത്തിന് തീരുമാനമായെന്നും, ഇനി താഴെത്തട്ടിൽ നീക്കുപോക്കുണ്ടാക്കുമെന്നുമാണ്വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്.ധാരണ പ്രകാരം കോണ്‍ഗ്രസും മുസ്ലീം ലീഗും വെൽഫയര്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വിട്ടു തരുമെന്നും അദ്ദേഹം വ്യക്തമാക്കി.