kt-jaleel

തിരുവനന്തപുരം: മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേഴ്സണൽ സെക്രട്ടറിയായി ഒൻപത് വർഷം സേവനമനുഷ്ഠിച്ച അലാവുദ്ദീൻ ഹുദവിയുടെ ബയോഡാ​റ്റയാണ്, ദ്വിഭാഷിയുടെ ഒഴിവിൽ പരിഗണിക്കാൻ യു.എ.ഇ കോൺസുലേ​റ്റിലേക്ക് അയച്ചതെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ഇതാണ് എന്തോ ആനക്കാര്യം സ്വപ്ന സുരേഷ് പറഞ്ഞെന്ന രീതിയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവൽ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത് അലാവുദ്ദീൻ ഹുദവിയാണ്. ഷാർജ സുൽത്താനെക്കുറിച്ച് അറബിയിലും ഇംഗ്ലീഷിലും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രം അറബിയിൽ തയ്യാറാക്കിയതും അലാവുദ്ദീനാണ്. യോഗ്യത പരിഗണിച്ച് രാഷ്ടീയമോ പാർട്ടിയോ നോക്കാതെ, ബയോഡാ​റ്റ കോൺസുലേ​റ്റിലേക്ക് അയച്ചു കൊടുക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. യു.എ.ഇ കോൺസുലേ​റ്റുമായുള്ള ബന്ധത്തെക്കുറിച്ച് എല്ലാ വസ്തുതകളും അന്വേഷണ ഏജൻസികളോട് പറഞ്ഞിട്ടുള്ളതാണ്. ഒന്നും മറച്ചുവച്ചിട്ടില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.