
കല്ലറ: മുപ്പത് വർഷം മുമ്പ് പ്രദേശത്ത് ഒരു സ്‌റ്റേഡിയം വന്നപ്പോൾ കായിക പ്രേമികളും സർക്കാർ തസ്തികകളിലേക്ക് ആവശ്യമായ പരിശീലനത്തിനായി കാത്തിരുന്ന ചെറുപ്പക്കാരും ഏറെ സന്തോഷിച്ചു. എന്നാൽ മുപ്പത് വർഷത്തിനിപ്പുറവും ഒരേ ട്രാക്കിൽ തന്നെയാണ് വികസനമൊന്നുമില്ലാത്ത സ്റ്റേഡിയത്തിന്റെ അവസ്ഥ. കല്ലറ പഞ്ചായത്തിൽ തണ്ണിയം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിന്റെ അവസ്ഥയാണിത്. വെള്ളക്കെട്ട് നിറഞ്ഞതാണെങ്കിലും ഈ മൈതാനത്തിൽ ദിവസവും ഒട്ടേറെപ്പേർ പരിശീലനത്തിന് എത്തുന്നുണ്ട്. കാണുന്നവർക്കു ഇതു വെറുമൊരു പറമ്പാണെങ്കിലും അവർക്കിത് ഭാവിയിലേക്കുള്ള പാലമാണ്. മികച്ച പരിശീലനത്തിന് അവസരമുണ്ടായാൽ കളിയിടങ്ങളിലും ഉദ്യോഗങ്ങളിലും തിളങ്ങാമെന്നു ഇവർ കരുതുന്നു. പക്ഷെ, ആ കരുതലെടുക്കേണ്ടവർ വർഷങ്ങളായി നീണ്ട മൗനത്തിലാണ്. മലയോര മേഖലയിലെ യുവാക്കളുടെ കായിക ശേഷിയെ മികവാർന്ന നിലയിൽ പോഷിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കല്ലറയിൽ സ്റ്റേഡിയം ആരംഭിച്ചത്. 1990 ലാണ് തണ്ണിയം വാർഡിൽ ഒരേക്കർ ഭൂമി കല്ലറ പഞ്ചായത്ത് വിലയ്ക്ക് വാങ്ങി സ്റ്റേഡിയം നിർമിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന വി.ജെ. തങ്കപ്പൻ സ്റ്റേഡിയം നാട്ടുകാർക്ക് തുറന്നു കൊടുത്തു. അതിനു ശേഷം പഞ്ചായത്ത് ഭരണ സമിതികളും സംസ്ഥാന സർക്കാരുകളും മാറി മാറി വന്നെങ്കിലും ഈ സ്റ്റേഡിയത്തിനു വേണ്ടി ഒന്നും ചെയ്തില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും ഇവിടെ പരിശീലനം നടത്തിയ പലർക്കും കായിക ക്ഷമത യോഗ്യത വേണ്ട സർക്കാർ ജോലികളിലെത്താൻ കഴിഞ്ഞു. മുൻപ് കല്ലറ പാങ്ങോട് പഞ്ചായത്തുകളിൽ നിന്ന് ഒട്ടേറെപ്പേർ ഇവിടെ പരിശീലനത്തിന് എത്തുമായിരുന്നു. ഇപ്പോൾ ഇവരുടെ എണ്ണം വളരെ കുറവാണ്.
സ്റ്റേഡിയത്തിന് തുടക്കമിട്ടത് - 1990ൽ
പ്രശ്‌നങ്ങൾ
------------------------------
സ്റ്റേഡിയത്തിന്റെ വശങ്ങളിൽ മുഴുവൻ കുറ്റിക്കാടുകൾ പടർന്നു. ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. സ്റ്റേഡിയത്തിനകത്തു ഒരു വിളക്ക് പോലുമില്ല. ചെറു മഴയത്തു പോലും വെള്ളം കെട്ടും. പാർശ്വഭിത്തികൾ പൊളിഞ്ഞു വീണു കൊണ്ടിരിക്കുന്നു. മതിൽ ഇല്ലാത്തതിനാൽ ഫുട്ബോൾ പരിശീലനം നടത്തുമ്പോൾ പുരയിടങ്ങളിലേക്കും റോഡിലേക്കും പന്ത് തെറിച്ചു പോകും. റോഡിലേക്ക് പന്ത് തെറിച്ചു വീഴുന്നത് പലപ്പോഴും അപകടങ്ങൾക്കും പരാതികൾക്കും ഇടയാക്കുന്നു