111

വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി അടിമുടി മാറുകയാണ്. അടുത്തിടെയാണ് പൊൻമുടി അപ്പർ സാനിറ്റോറിയത്തിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പൊലീസ് സ്റ്റേഷൻ നിർമ്മിച്ച് ഉദ്ഘാടനം നടത്തിയത്.

സഞ്ചാരികൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് 2017-ൽ ഭരണാനുമതി നൽകിയ പദ്ധതിയുടെ ഉദ്ഘാടനമാണ് 22ന് നടക്കുന്നത്. പദ്ധതിക്കായി 2.08 കോടി രൂപയാണ് വകുപ്പ് ചെലവഴിച്ചത്. കുട്ടികൾക്കുള്ള കളിക്കളം, ലാന്റ് സ്കേപ്പിംഗ്, ഇരിപ്പിടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ കുടുംബമായി വരുന്നവരുടെയും മറ്റും പ്രധാന ആകർഷക കേന്ദ്രമായി ഇവിടം മാറും. സഞ്ചാരികളുമായി വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് സൗകര്യപ്രദമായി പാർക്ക് ചെയ്യുന്നതിനും ലോവർ സാനിറ്റോറിയം ഉപയോഗിക്കാം. പൊൻമുടിയിൽ വികസനപ്രവർത്തനങ്ങൾ കടലാസിലാണെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥലം എം.എൽ.എ ഡി.കെ.മുരളിയും പൊൻമുടി സന്ദർശിക്കുകയും വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് പൊൻമുടിയിൽ പൊലീസ് സ്റ്റേഷന് പുതിയം മന്ദിരം നിർമ്മിച്ചത്.

 കെട്ടഴിയാതെ റോപ്പ് വേ

അതേസമയം മന്ത്രി ഡോ. തോമസ് എെസക് ബഡ്ജറ്റിൽ പൊൻമുടിക്കായി പ്രഖ്യാപിച്ച വികസനപദ്ധതികൾ ഇപ്പോഴും കടലാസിലാണ്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി പൊൻമുടിയിൽ റോപ്പ് വേ ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കുമെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്.

സഞ്ചാരികൾക്കായി...

പൊൻമുടിയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ധാരാളം പദ്ധതികൾ ഇതിനോടകം വിനോദസഞ്ചാര വകുപ്പ് നടപ്പാക്കിക്കഴിഞ്ഞു. നിലവിൽ ഇവിടെ വിനോദസഞ്ചാരികൾക്ക് താമസിക്കാൻ ഗവൺമെന്റ് ഗസ്റ്റ് ഹൗസ്, കെ.ടി.ഡി.സി കോട്ടേജുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.കൂടാതെ 4 കോടിയോളം രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ പുതിയൊരു ബ്ലോക്കും പൂർത്തിയായി വരുന്നു.

സൗന്ദര്യവത്കരണം ഉദ്ഘാടനം 22ന്

പൊൻമുടി ലോവർസാനിറ്റോറിയം സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം 22ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനിലൂടെ നിർവഹിക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡി.കെ.മുരളി എം.എൽ.എ,വാമനപുരം ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ,പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി,പൊൻമുടി വാ‌ർഡ് മെമ്പർ ജിഷ എന്നിവർ പങ്കെടുക്കും.