hhhh

വെള്ളറട: അതിർത്തിയിൽ എക്സൈസ് ഓഫീസില്ലാത്തതിനാൽ ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം പൊടിപൊടിക്കുന്നു. ലഹരി വസ്തുക്കൾ രഹസ്യമായി പലയിടങ്ങളിലായി ഗോഡൗണുകളിൽ സൂക്ഷിക്കുകയും അതിന് ശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടക്കാർക്ക് ആവശ്യാനുസരണം എത്തിച്ചു കൊടുക്കുകയാണ് പതിവ്. കഞ്ചാവിന്റെയും പാൻ ഉത്പന്നങ്ങളുടെയും മൊത്തവ്യാപാരം നടക്കുന്നത് അതിർത്തിമേഖലയിലെ പനച്ചമൂട്-പുലിയൂർശാല എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ്. പനച്ചമൂട്ടിലെ ചന്ത കേന്ദ്രീകരിച്ചാണ് ലഹരിവസ്തുക്കളുടെ വ്യാപാരം നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ആഴ്ചയിൽ രണ്ട് ദിവസമാണ് പനച്ചമൂട്ടിൽ ചന്ത കൂടാറുള്ളത്. ഈ ദിവസങ്ങളിൽ പുലർച്ചെ തന്നെ പാൻ ഉത്പന്നങ്ങൾ ചന്തയിൽ വ്യാപകമായി വിൽക്കാറുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിൽ അധികവും വിദ്യാർത്ഥികളും യുവാക്കളുമാണ്. കവറുകൾക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതിനെക്കാൾ നാലിരട്ടി വരെ ലാഭമാണ് ലഹരി വസ്തുക്കൾ വിൽക്കുന്ന കച്ചവടക്കാർക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ലഹരി വസ്തുക്കളുടെ കച്ചവടം വ്യാപകമായിട്ടും പൊലീസോ ആരോഗ്യവകുപ്പോ വില്പന തടയുന്നതിനോ ഇത്തരം കടച്ചകടക്കാരെ പിടുകൂടുന്നതിനോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.