arest-askar

കൊടകര: കോടശ്ശേരി മേച്ചിറയിൽ നിന്നും ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമം വനപാലകർ തടഞ്ഞു. പ്രതികളായ നാല് പേരെ വനപാലകർ സാഹസികമായി പിന്തുടർന്ന് പിടികൂടി. മണ്ണാർക്കാട് പള്ളിക്കുറുപ്പ് കോൽക്കാട്ടി വീട്ടിൽ മുഹമ്മദ് അഷ്‌കർ(32), മണ്ണാർക്കാട് പൂവൻതോട്ടിയിൽ ആൽവിൻ (23), മണ്ണാർക്കാട് പാണക്കാടൻ അനസു(22), മണ്ണാർക്കാട് ചോളക്കൽ വീട്ടിൽ സമദ്(36) എന്നിവരാണ് പിടിയിലായത്. ഇതിൽ മുഹമ്മദ് അഷ്‌കറിനെ സംഭവസ്ഥലത്ത് വച്ചും മറ്റ് മൂന്നുപേരെ പാലിയേക്കര ടോൾ പ്ലാസയിൽ വച്ചുമാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെ കോടശ്ശേരി റിസർവ് വനത്തിലെ മേച്ചിറയിൽ നിന്നാണ് ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ചത്.

മുറിച്ചെടുത്ത ചന്ദനമുട്ടികൾ മിനി ലോറിയിൽ കടത്തുന്നതിനിടെയാണ് വനപാലകരെത്തി തടഞ്ഞത്. മോഷ്ടാക്കൾ വനപാലകരോട് ഏറ്റുമുട്ടി വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫോറസ്റ്റ് ജീപ്പ് മോഷ്ടാക്കളുടെ വാഹനത്തിനു കുറുകെയിട്ട് ചന്ദനക്കടത്ത് തടയുകയായിരുന്നു. എന്നാൽ മിനിലോറി ഫോറസ്റ്റ് ജീപ്പിലിടിച്ചും മോഷ്ടാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. ചന്ദനക്കൊള്ളക്കേസിലെ മുഖ്യപ്രതിയെയും 500 കിലോയോളം ചന്ദനമുട്ടികളും മിനിലോറിയും ആയുധങ്ങളും സംഭവസ്ഥലത്തുവച്ചു കസ്റ്റഡിലിലെത്തു. മറ്റു മൂന്നുപേർ കാറിൽ രക്ഷപ്പെട്ടെങ്കിലും വനപാലകർ പിന്തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ വച്ചു പിടികൂടുകയായിരുന്നു.

മുഹമ്മദ് അഫ്‌സൽ അട്ടപ്പാടിയിലെ ചന്ദനമോഷണക്കേസിലെ പ്രതിയാണ്. വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ വിജിൻ ദേവിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് പ്രതികളെ പിടികൂടിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, സോബൻ ബാബു, എസ്.എഫ്.ഒ: കെ. ബാലൻ, ബി.എഫ്.ഒമാരായ ഗോപാലകൃഷ്ണൻ, ടി.വി. രജീഷ്, ജിനിൽ ചെറിയാൻ, ഗിരീഷ്, സന്ദീപ്, സന്തോഷ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.