കോഴിക്കോട്: ലോക്ക്ഡൗണിന് ശേഷം പല മേഖലകളും അതിജീവിച്ചു തുടങ്ങിയെങ്കിലും ഓട്ടോ തൊഴിലാളികളുടെ കാര്യം കഷ്ടത്തിൽ തന്നെ. നഗരത്തിൽ ആളു കുറഞ്ഞതും എത്തുന്നവരെല്ലാം സ്വന്തം വാഹനം ഉപയോഗിക്കുന്നതുമാണ് ഓട്ടോറിക്ഷക്കാർക്ക് സങ്കടമാകുന്നത്. ഓട്ടമില്ലാതായതോടെ പലരും മറ്റ് തൊഴിലുകളിൽ അഭയം തേടി. വാഹനം സ്റ്റാൻഡിൽ ഇട്ടാൽ രണ്ടോ മൂന്നോ മണിക്കൂറുകൾക്ക് ശേഷമാണ് ഓട്ടം വിളിക്കുക. അതും കുറഞ്ഞ ദൂരത്തേക്ക്. ദിവസം 100 രൂപ പോലും ഓട്ടം ലഭിക്കാത്ത സ്ഥിതിയാണ് പലർക്കും.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരം, പാളയം, പുതിയ സ്റ്റാൻഡ് തുടങ്ങിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലെല്ലാം ഓട്ടോറിക്ഷകൾ യാത്രക്കാരെ കാത്തുകിടക്കുകയാണ്. കൊവിഡിന് മുൻപ് ദിവസവും 600 മുതൽ 900 രൂപവരെ ലഭിച്ചിരുന്നു. എന്നാൽ കോളേജുകളും ഷോപ്പിംഗ് മാളുകളും സിനിമാ തിയ്യറ്ററുകളും അടഞ്ഞുകിടക്കുന്നതോടെ നഗരത്തിൽ എത്തുന്നവരുടെ എണ്ണവും വളരെ കുറഞ്ഞു. അത്യാവശ്യക്കാർ മാത്രമാണ് ഇപ്പോൾ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നത്.
രാത്രി ഏറെ വൈകും വരെ കാത്തിരുന്നിട്ടും അന്നന്നത്തെ ചെലവിനു പോലും വക കിട്ടാതെ അവസ്ഥയാണ്. സർക്കാർ ഓഫീസുകളിലെ ജീവനക്കാർ കെ.എസ്.ആർ.ടി.സിയെയാണ് പൂർണമായും ആശ്രയിക്കുന്നത്. ഇതും ഓട്ടോ ജീവനക്കാർക്ക് തിരിച്ചടിയായി. ഇൻഷ്വറൻസ് തുകയും വാഹനത്തിന്റെ മാസ തവണയും മുടങ്ങി. പലരും ലോണെടുത്താണ് വാഹനം വാങ്ങിയത്. സാമൂഹിക അകലം പാലിക്കാൻ ഡ്രൈവറുടെ സീറ്റിനു പിന്നിൽ പ്ലാസ്റ്റിക് കൊണ്ട് മറച്ചാണ് ഓട്ടോറിക്ഷകൾ ഉള്ളത്. എന്നാൽ കൊവിഡ് വ്യാപന ഭീതി രൂക്ഷമായതോടെ ഓട്ടോയിൽ കയറാൻ യാത്രക്കാർ മടിക്കുകയാണ്.
ബസ് പൂർണമായി ഓടി തുടങ്ങിയാൽ മാത്രമേ തങ്ങൾക്കും ഓട്ടം ലഭിക്കുകയുള്ളു.
വിജയൻ
ഓട്ടോ തൊഴിലാളി