railway

കൊയിലാണ്ടി: അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹമാണന്ന ബോർഡ് ഉണ്ടായിട്ടും കൊയിലാണ്ടിയിലെ റെയിൽവേ സ്ഥലത്ത് സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നു. മദ്യവും കഞ്ചാവും ഇടപാടിനാണ് ആളുകൾ എത്തുന്നത്. സമീപത്തെ വീട്ടുകാരുടെ
സ്വൈര്യ ജീവിതത്തിനും ഇവർ പ്രയാസം ഉണ്ടാക്കുന്നതായി പ്രഭാത് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ പറയുന്നു. തൊട്ടടുത്ത കൺസ്യൂമർ ഫെഡിന്റെ മദ്യ വിപണന കേന്ദ്രത്തിൽ നിന്ന് മദ്യം വാങ്ങിയും എത്തുന്നുണ്ട്. കൗമാരക്കാരെ ഉപയോഗിച്ചുള്ള കഞ്ചാവ് കച്ചവടവും സജീവമാണ്.

കഴിഞ്ഞ വർഷം ഇവിടെ മോഷണം നടന്നതോടെ ഡിവൈ.എസ്.പിയുടെ നർക്കോട്ടിക് വിഭാഗം നിരന്തരം പരിശോധന നടത്തിയിരുന്നു. കൊയിലാണ്ടിയിൽ നിന്ന് പ്രത്യേകിച്ചും റെയിൽവേ പരിസരത്ത് നിർത്തിയിട്ട ബൈക്കുകൾ വ്യാപകമായി കളവ് പോയിരുന്നു. മോഷ്ടിച്ച വാഹനങ്ങൾ ഇവിടെ എത്തിച്ചാണ് വില്പന. റെയിൽവേ സ്റ്റേഷന്റെ നൂറ് മീറ്റർ അകലെയാണ് എക്‌സൈസ് ഓഫീസ്. എക്‌സൈസ് ജീവനക്കാർ റെയ്ഡിന് വന്നപ്പോൾ ഭീഷണി ഉയർന്നതായി ജീവനക്കാർ പറയുന്നു. സ്ത്രീകൾ അടക്കമുള്ള പ്രദേശവാസികൾ നഗരത്തിൽ നിന്ന് വീട്ടിലേക്ക് വരുന്നത് പഴയ റെയിൽവേ ഗേറ്റ് കടന്നാണ്. പലരും തനിയെ വരാൻ ഭയപ്പെടുന്നു. പൊലീസ് സ്ഥിരമായി പരിശോധനയ്ക്ക് വരാറുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ കൊവിഡ് ജോലികൂടി വന്നതോടെ അവരുടെ വരവും കുറഞ്ഞു. കഴിഞ്ഞ ദിവസം നർക്കോട്ടിക്ക് വിഭാഗത്തിലെ പൊലീസ് ഇവിടെയെത്തിയിരുന്നു. നടപടി കർശനമാക്കണമെന്നാണ് റസിഡൻസ് അസോസിയേഷന്റെ ആവശ്യം.