
മയ്യിൽ: കർഷകരുടെ പേടി സ്വപ്നമാണ് കാട്ടുപന്നി. എന്നാൽ കാട്ടുപന്നികളെ തുരത്താൻ പന്നികളെ തന്നെ ആയുധമാക്കുകയാണ് പയ്യാവൂരിലെ പരമ്പരാഗത കർഷകൻ ഫ്രാൻസിസ്. തന്റെ കൃഷിത്തോട്ടത്തിലെ കപ്പ കൃഷി കാട്ടുപന്നി നശിപ്പിച്ചപ്പോൾ ഇതിന് പ്രതിരോധമായി തന്റെ ഫാമിലെ അമ്പതോളം പന്നികളുടെ കാഷ്ടം ഉപയോഗിച്ചാണ് ഫ്രാൻസിസ് മറുപടി നൽകിയത്. ദുർഗന്ധം അടിച്ചതോടെ പന്നികൾ തോട്ടത്തിന്റെ ഏഴയലത്ത് വരാതെയായി.
ഈ പ്രതിരോധം നൂറ് ശതമാനം വിജയമാണെന്ന് ഈ കർഷകൻ പറയുമ്പോൾ പ്രതീക്ഷ നൽകുന്നത് ജില്ലയിലെ മൊത്തം കർഷകർക്കാണ്. പയ്യാവൂരിലെ പരമ്പരാഗത കർഷകനായ ഫ്രാൻസിസ് തന്റെ 5 ഏക്കർ കൃഷിയിടത്തിൽ വിളയിക്കാത്തയി ഒന്നുമില്ല. ഇരുപത്തിയഞ്ചിനം കപ്പ തൊട്ട് പതിനെട്ടിനം മഞ്ഞൾ വരെ ഈ കൃഷിയിടത്തിലെ സവിശേഷതയാണ്. തന്റെ കൃഷിയിടത്തിലെ കാട്ടുപന്നി ആക്രമണത്തിന് എങ്ങനെ പ്രതിരോധം തീർക്കാമെന്ന ആലോചനയിലാണ് പന്നി കാഷ്ട പ്രയോഗം വിജയം കണ്ടെത്തിയിരിക്കുന്നത്.
ജൈവ കർഷകനായ ഫ്രാൻസിസ് മുൻ വർഷങ്ങളിൽ ചാണകവും മറ്റു ജൈവ വളങ്ങളും ഉപയോഗിച്ചാണ് കൃഷി ചെയ്തത്. വിളകൾ പന്നി നശിപ്പിച്ചപ്പോൾ പന്നി കാഷ്ടം മാത്രം ഉപയോഗിച്ച് കൃഷി ചെയ്തു. ഇപ്പോൾ കാട്ടുപന്നി ശല്യം ഇല്ലാതാവുകയും വിളവ് കൂടിയതായുമാണ് ഈ കർഷകന്റെ കണ്ടെത്തൽ. തന്റെ ഫാമിലെ പന്നികളുടെ വിസർജ്ജവസ്തുക്കൾ ബയോഗ്യാസ് പ്ലാന്റിലേക്ക് കടത്തിവിട്ട് ബാക്കി വരുന്ന മാലിന്യമാണ് ഫ്രാൻസിസ് വളമായി ഉപയോഗിച്ചത്. ഇങ്ങനെ ഉപയോഗിച്ചപ്പോൾ വിളവ് കൂടി എന്നു മാത്രമല്ല കീടങ്ങളെ നിയന്ത്രിക്കാനും സാധിക്കുന്നുണ്ട്. കാട്ടുപന്നി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ കർഷകർക്ക് ഫ്രാൻസിസ് കളപ്പുരയ്ക്കലിന്റെ കണ്ടെത്തൽ ഉണർവ് പകരും. പന്നി ഫാം കർഷകർക്ക് പന്നി കാഷ്ടത്തിന്റെ സംസ്‌കരണത്തിന്റെ പ്രയോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും വരുമാന മാർഗ്ഗത്തിനും അവസരമൊരുക്കുന്നു.
ഇദ്ദേഹത്തിന്റെ കണ്ടെത്തൽ കാട്ടുപന്നിയെ കൊല്ലാൻ ലൈസൻസുള്ള ആളെ കണ്ടെത്താനുള്ള വനം വകുപ്പിന്റെ ഓട്ടത്തിനും കാർഷിക മേഖലയ്ക്കും ആശ്വാസമെങ്കിൽ, വ്യാവസായിക പന്നി കാഷ്ടത്തിലൂടെ ജൈവ വളം നിർമ്മിക്കാമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ.