flat

പഴയങ്ങാടി: സുനാമി ബാധിതർക്കായി സർക്കാർ നിർമ്മിച്ച ഫ്ലാറ്റ് സമുച്ഛയത്തിൽ അനധികൃതർ താമസിക്കുന്നതായി പരാതി. മാടായി പഞ്ചായത്തിലെ സുനാമി ബാധിതരായ പുതിയങ്ങാടി, പുതിയവളപ്പ്, ചൂട്ടാട്, ബീച്ച് റോഡ് എന്നിവിടങ്ങളിലെ നാൽപ്പത് കുടുംബങ്ങൾക്കാണ് ചൂട്ടാട് ഏരിപ്രത്ത് ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകിയത്. 2013ൽ ഇരിട്ടി താലൂക്ക് ഉദ്ഘാടന വേളയിൽ 33 കുടുംബങ്ങൾക്ക് റവന്യു മന്ത്രി ഫ്ലാറ്റുകളുടെ താക്കോൽദാനം നടത്തുകയും ബാക്കി ഏഴ് കുടുംബങ്ങൾക്ക് വില്ലേജും പഞ്ചായത്തും ചേർന്ന് അർഹരെ കണ്ടെത്തി നൽകുകയുമായിരുന്നു.

ഇന്ന് താമസിക്കുന്നതിൽ ഭൂരിപക്ഷവും യഥാർത്ഥ അവകാശികൾ അല്ലെന്നാണ് ആരോപണം. ബന്ധുക്കൾക്കും വാടകയ്ക്ക് നൽകിയവരും ഉണ്ട്. രണ്ട് മുറികളും വരാന്തയും ഒരു കുളിമുറിയും ഉള്ള ഫ്ലാറ്റിൽ ഇപ്പോൾ താമസിക്കുന്നത് എട്ടും പത്തും പേരാണ്. ഇത് ആരോഗ്യ പ്രശ്നം ഉയർത്തുന്നുണ്ട്. മാലിന്യം സംസ്‌കരിക്കാൻ യാതൊരു സൗകര്യവും ഇല്ലാത്തതും പ്രശ്നം സൃഷ്ട്ടിക്കുന്നു. ഫ്ലാറ്റ് അനുവദിക്കപ്പെട്ടവർ അല്ലാത്തവർ താമസിച്ചാൽ ഫ്ലാറ്റ് പൂട്ടി സീൽ വെക്കാൻ വ്യവസ്ഥ ഉണ്ടെങ്കിലും വില്ലേജിന്റെ ഭാഗത്ത് നിന്നും യാതൊരു പരിശോധനയും ഇല്ല. കൂടുതൽ ആളുകൾ ഇവിടെ താമസമാക്കിയതോടെ പരിസരത്തെ വീട്ടുകാർക്കും പ്രശ്നമുണ്ട്. ചുറ്റുമതിൽ ഇല്ലാത്തത് കാരണം ഇഴ ജീവികളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട് സമുച്ചയം. എത്രയും പെട്ടന്ന് വില്ലേജ് അധികൃതർ പരിശോധന നടത്തി അനർഹരായവരെ ഒഴിപ്പിക്കണമെന്നും മാലിന്യ നിർമ്മാർജ്ജനത്തിന് പദ്ധതി ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.