
വെഞ്ഞാറമൂട്: മാണിക്കൽ ഗ്രാമപഞ്ചായത്തിൽ കേരളസർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജലജീവൻ പദ്ധതി ആരംഭിച്ചു. ഗ്രാമീണമേഖലയിൽ എല്ലാ വീടുകളിലും പെെപ്പ് ലെെൻ വഴി ശുദ്ധജലം എത്തിക്കുന്ന ഈ പദ്ധതിയിൽ ചിലവിന്റെ പത്ത് ശതമാനം ഗുണഭോക്താക്കൾ വഹിക്കണം. ബാക്കി 90 ശതമാനം കേന്ദ്ര - സംസ്ഥാന - ഗ്രാമപഞ്ചായത്ത് വിഹിതമായി ലഭിക്കും. വാട്ടർ അതോറിട്ടിക്കാണ് പദ്ധതി നിർവഹണ ചുമതല നൽകിയിരിക്കുന്നത്. അണ്ണൽ വാർഡിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത നിർവഹിച്ചു. വെെസ് പ്രസിഡന്റ് കുതിരകുളം ജയൻ, സദാശിവൻ നായർ, ലേഖാകുമാരി തുടങ്ങിയവർ പങ്കെടുത്തു.