psc-office-pattom

കെ.എ.എസ് സ്ട്രീം ll-ൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിയാണ് ഞാൻ. പി.എസ്.സി ടെസ്റ്റ് എഴുതിയിട്ട് 15 വർഷം വർഷം കഴിഞ്ഞു. ടെസ്റ്റുമായുള്ള ബന്ധവും ഇപ്പോൾ ഇല്ല. ഇത് എന്റെ ലാസ്റ്റ് ചാൻസ് ആയിരുന്നു. സാമ്പത്തിക അടിത്തറയില്ലാത്ത കുടുംബമായതിനാലും അഴിമതി കാണിക്കാത്തതിനാലും ലീവെടുക്കാൻ കഴിഞ്ഞില്ല. രണ്ട് വർഷത്തോളം രാത്രി ഉറക്കമില്ലാതെ പഠിച്ചാണ് പരീക്ഷ എഴുതിയത്. വളരെ പ്രയാസമുള്ള പരീക്ഷയായിരുന്നു. 40 മാർക്കാണ് ഉത്തര സൂചിക വച്ച് നോക്കിയപ്പോൾ കിട്ടിയത്. പരീക്ഷ വളരെ കടുകട്ടിയായതിനാൽ Cut off-ൽ കയറിക്കൂടുമെന്ന് പ്രതീക്ഷിച്ചു. മെയിനിന് വേണ്ടി പഠനവും തുടങ്ങിയിരുന്നു. എന്നാൽ റിസൽട്ട് വന്നപ്പോഴില്ല. ഒ.ബി.സി കട്ട് ഓഫ് എത്രയാണ്. എൻക്വയറിയിൽ അന്വേഷിച്ചപ്പോൾ ഒ.ബി.സി, എസ്.സി എന്നിവരുടെ കട്ട് ഓഫ് reveal ചെയ്യാൻ പറ്റില്ല സീക്രട്ട് ആണെന്നറിഞ്ഞു. അതെന്താണ് പി.എസ്.സിയിൽ ഇത്ര രഹസ്യം. ഈ വിഭാഗക്കാർക്ക് തങ്ങളുടെ വിഭാഗത്തിന്റെ കട്ട് ഓഫ് എത്രയാണെന്നറിയേണ്ട അവകാശമില്ലേ. കട്ട് ഒഫ് മാർക്ക് സുതാര്യമാക്കുന്നതിന് എന്തിനാണ് പേടിക്കുന്നത്.

റഷീദ്

എറണാകുളം

പി.എസ്.സീ ഇത് എന്ത് സന്ദേശമാണ്?

'റാങ്ക് ഉണ്ടായിട്ട് എന്തു കാര്യം " എന്ന കേരളകൗമുദി എഡിറ്റോറിയൽ ആണ് ഈ കത്തിനാധാരം.

തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പ്യൂൺ തസ്തികയിലെ പി.എസ്.സി റാങ്ക് പട്ടികയുടെയും നിയമനത്തിന്റെയും ഒരു വിചിത്രമായ സംഗതി പറയാം. പ്യൂൺ തസ്തികയിൽ 50 ശതമാനം പ്രാഥമിക സഹകരണ സംഘം ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. 2012-ൽ പുറത്തിറങ്ങിയ 177/ 07 എന്ന റാങ്കുപട്ടികയിൽ കടലാസു സംഘങ്ങളിലെ 25 പേർ വ്യാജമായി സഹകരണ സംഘങ്ങളിൽ രേഖകൾ ഉണ്ടാക്കി വകുപ്പുതല ഉദ്യോഗസ്ഥരെ കബളിപ്പിച്ച് സർവീസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി പി.എസ്.സിക്ക് സമർപ്പിച്ചു. ഇതിനെതിരെ റാങ്ക് ലിസ്റ്റിലെ മറ്റുള്ള ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇതിന്റെ നിജസ്ഥിതി പരിശോധിക്കാൻ പി.എസ്.സി വിജിലൻസ് വിഭാഗത്തെ ഏല്പിച്ചു. പി. എസ്.സി വിജിലൻസ് വിഭാഗം കർശനമായ അന്വേഷണം നടത്തി സഹകരണ സംഘങ്ങളിൽ പരിശോധന നടത്തുകയും റാങ്ക് പട്ടികയിൽ കടന്നുകൂടിയ 25 പേരും യോഗ്യരല്ല എന്നും ഇവരെ ഒഴിവാക്കിക്കൊണ്ട് നിയമനം നടത്തണമെന്നും കാണിച്ച് 21- 01- 2014ൽ വി.ഇ നമ്പർ 03 / 2013 ആയി അന്വേഷണ റിപ്പോർട്ട് പി.എസ്.സിക്ക് സമർപ്പിച്ചു. എന്നാൽ 25 പേരെ ഒഴിവാക്കാതെ അതിൽ 12 പേർക്ക് പി.എസ്.സി നിയമന ഉത്തരവ് നൽകി. ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ട് നിരവധി തവണ വിവരാവകാശം വഴി ചോദിച്ചിട്ടും എങ്ങും തൊടാതെയുള്ള മറുപടികളാണ് പി.എസ്.സിയിൽ നിന്ന് ലഭിക്കുന്നത്. ഇത് യഥാർത്ഥ ഉദ്യോഗാർത്ഥികളോടുള്ള കൊടും ചതി തന്നെയാണ്. തുച്ഛമായ വേതനത്തിൽ വർഷങ്ങളോളം പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർ ഔദ്യോഗിക ജീവിതത്തിന്റെ അവസാന വേളയിലെങ്കിലും മെച്ചപ്പെട്ട ഒരു ജോലി ആഗ്രഹിച്ചാണ് കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ കടന്നുകൂടുന്നത്. തത്‌പര കക്ഷികളെ സഹായിക്കാൻ റാങ്ക് ലിസ്റ്റിൽ വരെ തിരിമറി കാണിച്ച പി.എസ്.സിയുടെ ഇത്തരം നീച നടപടികൾ എന്ത് സന്ദേശമാണ് നൽകുന്നത്.

എ.എൽ. റനീഷ്

മലയിൻകീഴ്