
കടയ്ക്കാവൂർ: കാടുപിടിച്ച് നാശത്തിന്റെ വക്കിലായ കടയ്ക്കാവൂരിലെ റെയിൽവേ ക്വാർട്ടേഴ്സുകൾ സാമൂഹ്യവിരുദ്ധർക്ക് താവളമാകുന്നു. ആകെ എട്ട് ക്വാർട്ടേഴ്സുകളാണ് കടയ്ക്കാവൂർ റെയിൽവേസ്റ്റേഷന്റെ ഭാഗമായുള്ളത്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് താമസിക്കാറുള്ളത്. ഉപയോഗ ശൂന്യമായ മൂന്ന് കെട്ടിടങ്ങൾ പൊളിക്കുന്നതിന് റെയിൽവേ നോട്ടീസും പതിച്ചുകഴിഞ്ഞു. ഇവയുടെ പരിസരമാണ് കാടൂമൂടി മാലിന്യനിക്ഷേപകേന്ദ്രമായി കിടക്കുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ റെയിൽവേ സ്റ്റേഷന്റെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾ എഴുമണിയോടെ അടയ്ക്കും. തുടർന്ന് പ്രദേശമാകെ വിജനമാണ്. ഇതിന്റെ മറപിടിച്ചാണ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ സാമൂഹ്യവിരുദ്ധർ കൈയടക്കുന്നത്.
ഇതിൽ മദ്യം- കഞ്ചാവ് കച്ചവടക്കാരും അനാശാസ്യ പ്രവൃത്തികളിൽ ഏർപ്പെടുന്നവരും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ ഇത്തരക്കാരുടെ വിളയാട്ടം തുടരുന്നതായും പരാതിയുണ്ട്. ഇവരെ ചെറുക്കുന്നതിന് നാട്ടുകാർക്കും ഭയമാണ്. വിഷയത്തിൽ റെയിൽവേക്കും പൊലീസിനും നിരവധി തവണ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.
മാലിന്യനിക്ഷേപവും തകൃതി
റോഡിന്റെ ഇരുവശങ്ങളിലും വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം വലിച്ചെറിയുന്നതും ജനങ്ങളെ വലയ്ക്കുന്നു. ഇവ അഴുകി വമിക്കുന്ന ദുർഗന്ധം കാരണം മൂക്കുപൊത്താതെ ഇതുവഴി നടക്കാനാകാത്തെ സ്ഥിതിയാണ്. മാലിന്യത്തിൽ നിന്ന് ആഹാരം തേടിയെത്തുന്ന തെരുവ് നായ്ക്കളും ഭീഷണി ഉയർത്തുന്നുണ്ട്. തെരുവ് വിളക്കുകളും കത്താതായതോടെ നായ്ക്കളെയും ഇഴജന്തുക്കളെയും ഭയന്ന് ഇതുവഴി സഞ്ചരിക്കാനും നാട്ടുകാർക്ക് ഭയമാണ്.
പാെളിക്കാനിട്ടിരിക്കുന്ന ക്വാർട്ടേഴ്സുകൾ അടിയന്തരമായി പൊളിച്ചു മാറ്റാനും വഴിവിളക്കുകൾ പ്രകാശിപ്പിക്കാനും വേണ്ട നടപടികൾ അധികാരികൾ സ്വീകരിക്കണം.
വക്കം മനോജ്, ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന പ്രസിഡന്റ്
ആകെ 8 ക്വാർട്ടേഴ്സുകൾ
താമസമുള്ളത് 1 എണ്ണത്തിൽ
സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷം
തെരുവ് വിളക്കുകളും ഇല്ല
കാൽനടയാത്രക്കാർ ദുരിതത്തിൽ
പരാതികൾക്ക് നടപടിയില്ല