air-india-

പ്രവാസികളുടെ ആവശ്യങ്ങളോട് മുഖം തിരിച്ചുനിൽക്കാറുള്ള കേന്ദ്ര സർക്കാർ ഈ കൊവിഡ് കാലത്തും അത് ആവർത്തിക്കുകയാണ്. മഹാമാരി വ്യാപനത്തെത്തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയവർ മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ വിമാന നിരക്ക് അഞ്ചും ആറും ഇരട്ടിയാക്കിയാണ് ഏറ്റവും ഒടുവിലത്തെ കൊള്ള. താങ്ങാൻ വയ്യാത്ത നിരക്കു നൽകി പോകാമെന്നു വച്ചാലും യാത്ര തരപ്പെടണമെന്നില്ല. വിമാന സർവീസുകൾ ഗണ്യമായി കുറച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ കർക്കശമാകയാൽ പകുതിയോളം സീറ്റുകൾ ഒഴിച്ചിട്ടുവേണം സർവീസ് നടത്താൻ. വിമാനക്കൂലി പല മടങ്ങായി കൂട്ടിയതിനു വിമാനക്കമ്പനികൾ നിരത്തുന്ന കാരണങ്ങൾ ഇതൊക്കെയാണ്. നഷ്ടം സഹിച്ച് വിമാനം പറപ്പിക്കണമെന്ന് ശഠിക്കാനാവില്ലെന്നതു ശരിതന്നെ. എന്നാൽ ഇത്തരം അവസരങ്ങളിൽ പ്രവാസികൾക്കു തുണയാകേണ്ട ഭരണാധികാരികൾ എന്തുകൊണ്ട് ഇടപെടുന്നില്ല എന്നതാണ് പ്രസക്തമായ ചോദ്യം. ഗൾഫ് രാജ്യങ്ങളിലേക്കുള്ള അമിതമായ വിമാന നിരക്കിനെക്കുറിച്ച് ഇതിനകം രാജ്യത്തുടനീളം വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. പല കാര്യത്തിലുമെന്നപോലെ കേരളത്തിലെ പ്രവാസികളാണ് ഏറ്റവുമധികം കഷ്ടനഷ്ടങ്ങൾ നേരിടേണ്ടിവരുന്നത്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പാർലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി യോഗത്തിൽ വിമാനക്കമ്പനികൾ നടത്തുന്ന ഈ തീവെട്ടിക്കൊള്ള ചർച്ചാവിഷയമായി. അമിതമായ വിമാന നിരക്കുകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് യോഗത്തിൽ സംബന്ധിച്ച സിവിൽ ഏവിയേഷൻ സെക്രട്ടറി അറിയിച്ചത്. പ്രശ്നത്തിൽ ഇടപെടാമെന്നും അദ്ദേഹം ഉറപ്പുനൽകിയത്രെ. പ്രത്യക്ഷത്തിൽത്തന്നെ അനീതിയെന്നു കാണാവുന്ന ഒരു വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആശ്വാസം നൽകുന്നതിനു പകരം നോക്കട്ടെ, വേണ്ടതു ചെയ്യാം എന്നൊക്കെ പറഞ്ഞ് പ്രശ്നം ഉന്നയിച്ചവരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. അമിത നിരക്ക് ഉടനടി കുറയ്ക്കാൻ വിമാന കമ്പനികൾക്കു അടിയന്തര നിർദ്ദേശം നൽകുകയാണു വേണ്ടത്. കൊവിഡ് സാഹചര്യങ്ങൾ വിമാനക്കമ്പനികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുള്ളത് പരമാർത്ഥമാണ്. അവയുടെ നഷ്ടം നികത്താൻ സർക്കാരാണ് വഴി കണ്ടെത്തേണ്ടത്. നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾ വല്ല വിധേനയും തൊഴിലിടങ്ങളിൽ തിരിച്ചെത്താൻ വെമ്പുന്നതിനിടയിൽ അവരെ മുച്ചൂടും കൊള്ളയടിക്കാൻ ശ്രമിക്കുന്നത് മഹാപാപമാണ്. കൊവിഡിന്റെ ആരംഭത്തിൽ ഇവരിൽ പലരും അമിത നിരക്കു നൽകിയാണ് നാട്ടിലെത്തിയതെന്ന വസ്തുതയും ഓർക്കണം. മടങ്ങിപ്പോകാനും അതിന്റെ പലമടങ്ങു പണം ചെലവാക്കേണ്ടിവരുന്ന പ്രവാസികളുടെ ദൈന്യത കണ്ടില്ലെന്നു നടിക്കരുത്. വിഷയം എൻ.കെ. പ്രേമചന്ദ്രൻ, എം.വി. ശ്രേയാംസ്‌കുമാർ തുടങ്ങിയ എം.പിമാർ നേരത്തെ തന്നെ കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തിയതാണ്. നടപടി ഒന്നുമുണ്ടായില്ലെന്നു മാത്രം. അന്യായ യാത്രക്കൂലി ചുമത്തി കുറെയധികം യാത്രക്കാരെ വലച്ചശേഷം പ്രതിഷേധമുയരുമ്പോൾ അതു പുനഃപരിശോധിക്കാൻ തയ്യാറാവുന്നതിൽ മഹത്വമൊന്നുമില്ല. അത്തരം സാഹചര്യം ഉണ്ടാകാതെ നോക്കുകയാണു വേണ്ടത്. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും കൊവിഡ് കാലത്തിനു മുൻപും വിമാനക്കമ്പനികൾ ഉത്സവനാളുകളിൽ തോന്നും പടിയാണ് നിരക്ക് ഈടാക്കിയിരുന്നത്. അഞ്ചും ആറും എട്ടും ഇരട്ടി വരെ നിരക്ക് ഉയർന്ന സന്ദർഭങ്ങളുണ്ട്. സാധാരണ പന്ത്രണ്ടായിരം രൂപയുടെ സ്ഥാനത്ത് അൻപതിനായിരവും അറുപതിനായിരവുമൊക്കെയായി നിരക്ക് ഉയർത്തുന്ന വിമാനക്കമ്പനികളുടെ ലക്ഷ്യം ലാഭം മാത്രമാണ്. അതിനു സർക്കാർ കൂടി കൂട്ടുനിന്നാൽ കഷ്ടത്തിലാകുന്നത് പ്രവാസികളാണ്. സാന്ത്വനവും സഹായവും ആവശ്യമായ ഘട്ടത്തിൽ അവരെ ചൂഷണം ചെയ്യാൻ മുതിരുന്നത് അങ്ങേയറ്റം നീതികേടാണ്. നിരക്കു വർദ്ധന മാത്രമല്ല ഇപ്പോഴത്തെ പ്രശ്നം. ഗൾഫ് രാജ്യങ്ങളിലേക്ക് വേണ്ടത്ര വിമാന സർവീസുകളില്ലെന്നതും പ്രവാസികൾ നേരിടുന്ന വലിയ പ്രശ്നമാണ്. കൊവിഡ് പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ എക്സ‌്‌പ്രസും ഗൾഫ് എയറും മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കരാർ ഭേദഗതി ചെയ്ത് കൂടുതൽ സർവീസ് ആരംഭിച്ചാലേ നാട്ടിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിനു പ്രവാസികൾക്ക് മടക്കയാത്ര തരപ്പെടുകയുള്ളൂ. ഡിസംബർ വരെ എയർ ഇന്ത്യാ എക്സ്‌പ്രസിൽ സീറ്റുകൾ ഒഴിവില്ലെന്നാണു അറിയിപ്പ്. വിസ നഷ്ടപ്പെടാനിടയുള്ളവരും അവധി തീർന്നവരുമൊക്കെയായി ധാരാളം പേരുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ ഗൾഫ് നാടുകളിലേക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കേണ്ടത് വ്യോമയാന വകുപ്പിന്റെ ചുമതലയാണ്. അതിനുള്ള നടപടികൾ വൈകുന്തോറും പലരുടെയും തൊഴിൽ സാദ്ധ്യതയാണ് ഇല്ലാതാകുന്നത്.

യാത്രാവിമാനങ്ങളുടെ കാര്യത്തിൽ മാത്രമല്ല കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ചരക്കു കയറ്റുമതിയുടെ കാര്യത്തിലും വിവേചനം നേരിടേണ്ടിവന്നിരിക്കുകയാണ്. പുതിയ പരിഷ്കാരമനുസരിച്ച് രാജ്യത്തെ ആറു വിമാനത്താവളങ്ങളിൽ നിന്നു മാത്രമേ ചരക്കു കയറ്റുമതിക്ക് അനുവാദമുള്ളൂ. ഈ രംഗവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിക്കൊണ്ടിരുന്ന നൂറുകണക്കിനു പേരെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം കഷ്ടത്തിലാക്കിയിരിക്കുന്നത്. സ്ഥിരമായി വിദേശത്തേക്ക് പഴങ്ങളും പച്ചക്കറികളും മറ്റ് വിഭവങ്ങളും കയറ്റി അയച്ചുകൊണ്ടിരുന്നവരും കർഷകരുമൊക്കെ കേന്ദ്ര തീരുമാനത്തിന്റെ ഇരകളായിട്ടുണ്ട്. ഒരുമാസം മുമ്പേ നടപ്പിലായ തീരുമാനം തിരുത്തുന്നതും കാത്ത് പ്രതീക്ഷയോടെ ഇരുന്ന കർഷകരും കയറ്റുമതിക്കാരും ഇതിനകം പല വാതിലുകളും മുട്ടിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. കയറ്റുമതി പ്രതീക്ഷിച്ച് ഉത്പന്നങ്ങൾ വിളയിച്ച നിരവധി കർഷകർ കനത്ത നഷ്ടം നേരിടുകയാണിപ്പോൾ. പഴം, പച്ചക്കറി വിഭവങ്ങൾക്ക് ഗൾഫ് നാടുകളിൽ വലിയ വിപണിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ യാത്രാവിമാനങ്ങളിൽ പരിമിതമായ തോതിൽ ചരക്കു കൊണ്ടുപോകാനേ കഴിയുന്നുള്ളൂ. കയറ്റുമതിയെയും കർഷകരെയും ബാധിക്കുന്ന വിവാദ തീരുമാനം തിരുത്തിയില്ലെങ്കിൽ അതും സംസ്ഥാനത്തിനു വലിയ തിരിച്ചടിയാകും.