photo
ചെല്ലഞ്ചി പാടശേഖരത്തിൽ എഴുപത് കഴിഞ്ഞ അമ്മുക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന നെൽനടീൽ

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി പാടത്തിന് ഞാറ്റുപാട്ട് അന്യമല്ല. ആ പാട്ടിന്റെ അകമ്പടിയിൽ നാല് ഹെക്ടറുള്ള പാടത്ത് വീണ്ടും ഞാറുനട്ടു. കൊവിഡും പ്രളയവും തിരിച്ചടിയായെങ്കിലും ഇവിടുത്തെ കർഷകർക്ക് അതിജീവനത്തിന്റെ സന്ദേശമാണ് നൽകുന്നത്. ഒരുമാസം മുമ്പു തന്നെ പാടം ഒരുക്കി വരമ്പ് കോരി വിത്തു വിതച്ചു.

രണ്ടുദിവസമായി ഞാറ് പിരിച്ച് നടീൽ ആരംഭിച്ചു. എഴുപത് വയസായ അമ്മുകുട്ടി അമ്മ മുതൽ 35 വയസുള്ള ഉഷ വരെയുള്ള പന്ത്രണ്ട് സ്ത്രീ തൊഴിലാളികളും സഹായികളുമാണ് ചെല്ലഞ്ചി പാടത്ത് ഞാറുനട്ടത്. പക്ഷേ കാലവർഷത്തെയും കാട്ടുപന്നികളെയും പക്ഷികളെയുമാണ് ഇവർക്ക് പേടി. കഴിഞ്ഞ സീസണിൽ നല്ല വിളവ് ലഭിച്ചെങ്കിലും കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ തിരിച്ചടിയായി. കഴിഞ്ഞ സീസണിൽ ശേഖരിച്ച നെല്ല് ഇപ്പോഴും പത്തായത്തിലുണ്ട്. ദുരന്തത്തിന്റെ നാളുകളാണെങ്കിലും പാടശേഖരങ്ങൾക്ക് കാവലായി തങ്ങളുണ്ടാകുമെന്നാണ് ഈ കർഷകർ പറയുന്നത്.