it

1925 പുതിയ തൊഴിലവസരങ്ങൾ

തിരുവനന്തപുരം: കൊവിഡ് കാരണം വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നഷ്ടപ്പെടുമ്പോൾ 1925 പുതിയ തൊഴിലവസരങ്ങളുമായി ഐ.ടി മേഖല പ്രതീക്ഷയുടെ തുരുത്താകുന്നു. തൊഴിൽ നഷ്ടപ്പെട്ട 1600 ലേറെ പേർക്ക് ഐ.ടി എംപ്ളോയീസ് കൂട്ടായ്മ പ്രതിദ്ധ്വനിയുടെ സഹായത്തോടെ തൊഴിൽ ലഭിച്ചതിന് പുറമെയാണിത്. ഒപ്പം ഐ.ടി.പാർക്കുകളിലെ പ്ളഗ് ഇൻ ബിസിനസ് സൗകര്യവും സ്റ്റാർട്ടപ്പും നിരവധി സംരംഭകർക്ക് തുണയായി.

സംസ്ഥാനത്തേക്ക് പുതിയ സംരംഭങ്ങളുമായി എത്തുന്ന 25 സ്ഥാപനങ്ങളിൽ അഞ്ചെണ്ണം നിലവിലുള്ളവയുടെ വികസന പദ്ധതികളാണ്. കൊച്ചിയിലാണ് പുതിയ സ്ഥാപനങ്ങൾ കൂടുതൽ. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഐ.ടി.പാർക്കുകളിലും പുതിയ സ്ഥാപനങ്ങളെത്തുന്നുണ്ട്. ഒാരോന്നിലും അൻപത് മുതൽ നൂറ് വരെ പുതിയ തൊഴിലവസരങ്ങളുണ്ട്.

കൊവിഡ് കഴിയുന്നതോടെ കൂടുതൽ ഐ.ടി.കമ്പനികളെ സംസ്ഥാനത്തേക്ക് എത്തിക്കും. വീട്ടിലും ഒാഫീസിലും ഇരുന്ന് പ്രവർത്തിക്കുന്ന ഹൈബ്രിഡ് വർക്ക് സൗകര്യമൊരുക്കിയാണ് പുതിയ സ്ഥാപനങ്ങളെ ആകർഷിക്കുന്നത്. കൊവിഡ് കഴിഞ്ഞാലും ഇതേ മാതൃക തുടരാനാണ് പല ഐ.ടി. കമ്പനികളും ആഗ്രഹിക്കുന്നത്. കാന്റീൻ, വൈദ്യുതി, വെള്ളം, യാത്ര തുടങ്ങിയ ഒാഫീസ് മെയിന്റനൻസ് ചെലവ് കുറയുമെന്ന് മാത്രമല്ല വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ആളോഹരി ഉത്പാദനക്ഷമതയും കൂടുതലാണ്.

ഹൈബ്രിഡ് ഒാഫീസ് സൗകര്യങ്ങളോടെയുളള നിരവധി ഐ.ടി. പാർക്കുകളാണ് ഉയരുന്നത്. വിൻവിഷ് കമ്പനി നൂറ് കോടി മുതൽ മുട‌ക്കിൽ ഒരേക്കറിൽ സ്വന്തമായി കാമ്പസ് നിർമ്മിക്കാനും പദ്ധതിയിട്ടുണ്ട്. തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ ഒന്നാം ഘട്ടത്തിന്റെ എക്സ്റ്റൻഷൻ, മൂന്നാം ഘട്ടത്തിലെ കെട്ടിടങ്ങൾ, ടെക്നോസിറ്റിയിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ, ബ്രിഗേഡ് ഗ്രൂപ്പിന്റെ ഐ.ടി അനുബന്ധ സൗകര്യങ്ങൾ, എറണാകുളത്ത് കൊരട്ടിയിലെ ഇൻഫോ പാർക്ക്, ഐ.ബി.എസിന്റെ ഐ.ടി. കാമ്പസ്, കാസ്‌പ്യൻ ടെക്‌‌നോളജി പാർക്ക്, മീഡിയ സിസ്റ്റംസ് ഇന്ത്യ സൊല്യൂഷൻസ് കാമ്പസ്, കോഴിക്കോട് സൈബർ പാർക്കിലെ പുതിയ പ്ളഗ് ഇൻ ബിസിനസ് സൗകര്യം എന്നിവ ഉടൻ പൂർത്തിയാകും. ടെക്നോസിറ്റിയിൽ സർക്കാർ ആഭിമുഖ്യത്തിൽ നൂറ് കോടി ചെലവഴിച്ചുള്ള രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐ.ടി. ഫെസിലിറ്റേഷൻ സെന്റർ ഡിസംബറിൽ പ്രവർത്തനക്ഷമമാകും. ഇതോടെ കൂടുതൽ ഐ.ടി.സ്ഥാപനങ്ങൾ സംസ്ഥാനത്തെത്തും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്.

 സംസ്ഥാനത്തെ ഐ.ടി.ജീവനക്കാർ

. നേരിട്ട് 1.10 ലക്ഷം

. പരോക്ഷമായി 3.30 ലക്ഷം

 ഇൗ വർഷത്തെ പുതിയ തൊഴിലവസരങ്ങൾ

. തിരുവനന്തപുരം ടെക്നോപാർക്ക് 500

. കൊച്ചി ഇൻഫോ പാർക്ക് 1000

. കോഴിക്കോട് സൈബർ പാർക്ക് 125

. ഐ.ടി.അനുബന്ധ സ്ഥാപനങ്ങളിൽ 300