vld-1

വെള്ളറട : മലയോരമേഖലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട് പബ്ളിക് മാർക്കറ്റിന്റെ വികസനം ഇനിയും അകലെ. മാലിന്യക്കൂനയായി മാറിയ മാർക്കറ്റിനകത്തേക്ക് കടക്കാനാകാതെ വ്യാപാരികളും ജനങ്ങളും ഒരുപോലെ വലയുകയാണ്. മഴ കനക്കുമ്പോഴാണ് ഏറെ ദുരിതം. മത്സ്യ- മാസ അവശിഷ്ടങ്ങളടക്കം മഴവെള്ളത്തിൽ കലർന്ന് മാർക്കറ്റിൽ ഒഴുകിപ്പരക്കും. പക്ഷികളും തെരുവ്നായ്ക്കളും ഇവ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുചെന്ന് നിക്ഷേപിക്കുന്നതും മറ്റൊരു പ്രശ്നമാണ്. മാലിന്യനിക്ഷേപം നിർബാധം തുടരുന്നതിനാൽ മാർക്കറ്റിൽ കൊതുകുശല്യവും രൂക്ഷമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ എത്തുന്ന ആളുകൾ മാർക്കറ്റിന്റെ അവസ്ഥ കണ്ട് മടങ്ങിപ്പോകുന്ന അവസ്ഥയാണ്. മാർക്കറ്റിന്റെ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ പകർച്ചവ്യാധി ഭീഷണിയും വർദ്ധിക്കുന്നുണ്ട്.

ചൊവ്വ, വെള്ളി ദിവസങ്ങളിൽ കുലചന്തയും ഞായറാഴ്ച കന്നുകാലിചന്തയും ബുധൻ, ശനി ദിവസങ്ങളിൽ പ്രധാന ചന്തയുമാണ് പനച്ചമൂട് മാർക്കറ്റിൽ നടക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പ്രധാന വരുമാന സ്രോതസും രണ്ടേക്കറോളം വിസ്തൃതിയുള്ള ഇവിടം തന്നെ. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും അധികൃതർ തയ്യാറാകണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

പ്രഖ്യാപനങ്ങൾ പാഴായി

ദിവസവും നൂറുകണക്കിനുപേരെത്തുന്ന മാർക്കറ്റിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് 20 കോടി രൂപയുടെ വികസനം നടത്താൻ ഒരു വർഷം മുൻപ് തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥസംഘം മാർക്കറ്റ് സന്ദർശിച്ച് നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അധികൃതരമായി ചർച്ചയും നടത്തി. എന്നാൽ നടപടികൾ ഇവിടെ അവസാനിക്കുകയാണ് ചെയ്തത്. കോടികളുടെ വികസനം പോയിട്ട് അത്യാവശ്യ സൗകര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർ തയ്യാറായില്ല.

പനച്ചമൂട് പബ്ളിക് മാർക്കറ്റ് നവീകരിച്ച് ആധുനിക സംവിധാനങ്ങൾ ഒരുക്കിയാൽ മാത്രമേ ഇവിടുത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകൂ

എം. ശോഭകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

പനച്ചമൂട് മാർക്കറ്റ് നവീകരണത്തിന് അഞ്ചുകോടി രൂപ ആദ്യഘട്ടമായി അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. ഫണ്ട് കിട്ടുന്ന മുറയ്ക്ക് നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കും.

സി.കെ. ഹരീന്ദ്രൻ, എം.എൽ.എ