
മലയിൻകീഴ്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാറനല്ലൂർ ഗവൺമെന്റ് ആശുപത്രിക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം കാത്ത് കഴിയുന്നു. ആശുപത്രിയിലെ പഴയകെട്ടിടത്തിൽ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ഐ.ബി. സതീഷ് എം.എൽ.എ ഫണ്ടിൽ നിന്ന് 48 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. ഇതാണ് ഇനിയും പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാകാത്തത്.
കൊവിഡ് കാലത്തും ദിവസവും 350ലധികം പേരാണ് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്. നിന്ന് തിരിയാൻപോലും സ്ഥലമില്ലാത്ത ഇവിടെ സാമൂഹ്യ അകലം ഉറപ്പാക്കാൻപോലും അധികൃതർക്ക് സാധിക്കുന്നില്ല. കൊവിഡ് പരിശോധനയ്ക്കായി രോഗികളെത്തുന്നതും ഈ കെട്ടിടത്തിലാണ്. ഈ സാഹചര്യത്തിലാണ് നിന്ന് തിരിയാൻപോലും സ്ഥലമില്ലാതെ രോഗികൾ വലയുന്നത്. മാറനല്ലൂർ പഞ്ചായത്ത് പരിധിക്ക് പുറമേ മറ്റ് സ്ഥലങ്ങളിൽ നിന്നും നിരവധിപേർ ആശുപത്രിയിൽ എത്തുന്നുണ്ട്. ഇവരുടെ ആരോഗ്യകാര്യങ്ങളിൽ അധികൃതർക്ക് അനാസ്ഥയാണെന്നാണ് ഉയരുന്ന പരാതി.
ജീവനക്കാരും ദുരിതത്തിൽ
ചികിത്സയ്ക്കായി എത്തുന്നവരേപ്പോലെ ജീവനക്കാരും പറഞ്ഞറിയിക്കാനാകാത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. രണ്ട് ഡോക്ടർമാരുടെ സേവനമാണ് ഇവിടെയുള്ളത്. നഴ്സുമാർ
ഫാർമസിസ്റ്റ്,ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുൾപ്പെട്ട് ജീവനക്കാർ വേറെയും ഇവരും സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുമ്പോഴാണ് കിടത്തിച്ചികിത്സയ്ക്കായി ആരംഭിച്ച മന്ദിരം അവഗണനയുടെ സ്മാരകമായത്.
നിവേദനങ്ങൾക്ക് ഫലമില്ല
മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി രോഗികൾക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇരിക്കാൻ പോലും സ്ഥലമില്ലാതെ കാത്തുനിന്ന് രോഗികൾ വീണുപോകുന്നതും പതിവാണ്. ചിലർ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉദ്ഘാടനം വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
നിലവിൽ ഒ.പി സൗകര്യം മാത്രമുള്ള ആശുപത്രിയിൽ കിടത്തി ചികിത്സ ലക്ഷ്യമിട്ടാണ് പുതിയ മന്ദിരം നിർമ്മിച്ചത്. എന്നാൽ ഭൗതിക സൗകര്യങ്ങളടക്കം സജ്ജമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണം. രോഗികളുടെ ദുരിതത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണം.
എ. സുരേഷ് കുമാർ, സി.പി.എം
ദിവസവും എത്തുന്നവർ:350ലേറെ
കെട്ടിടം നിർമ്മിച്ചത് കിടത്തിചികിത്സയ്ക്ക്
ചെലവിട്ടത്: 48 ലക്ഷം രൂപ
വില്ലനായി സ്ഥലപരിമിതി
രോഗികൾക്ക് വിശ്രമിക്കാൻ ഇടമില്ല
ജീവനക്കാരും ദുരിതത്തിൽ