
ചിറയിൻകീഴ്: പെരുമാതുറ - മാടൻവിള പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ അടിഭാഗത്തെ പില്ലറുകൾക്ക് സാരമായ ബലക്ഷയം സംഭവിക്കുകയും സിമന്റുകൾ അടർന്നുമാറി കമ്പികൾ പുറത്തുകാണാവുന്ന അവസ്ഥയിലാണ്. പാലത്തിന്റെ അടിത്തട്ടിലും സമാനമായ അവസ്ഥയാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം പഴക്കമുണ്ട് ഈ പാലത്തിന് എന്നാണ് നാട്ടുകാർ പറയുന്നത്. ഈ പാലത്തിന് സമീപത്തായി പെരുമാതുറ - അഴൂർ റോഡിൽ ഇരുകരകളായി കഴിഞ്ഞിരുന്ന അഴൂരിനെയും മാടൻവിളയെയും ബന്ധിപ്പിച്ചുകൊണ്ട് അഴൂർ കടവ് പാലം യാഥാർത്ഥ്യമായതോടെ ഇതു വഴിയുള്ള വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചത്. ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. ഹൈവേയിലെ തിരക്ക് ഒഴിവാക്കി എളുപ്പം തലസ്ഥാന നഗരിയിലെ വിവിധ ഭാഗങ്ങളിൽ എത്താൻ സാധിക്കുന്ന പെരുമാതുറ-വേള തീരദേശ പാതയിൽ ചിറയിൻകീഴ്-അഴൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് കടക്കാനുള്ള ഏക റോഡാണിത്.
തെരുവു ലൈറ്റിന്റെ അഭാവവും പാലത്തിലുണ്ട്. പാലത്തിന് സമീപ പ്രദേശങ്ങളിൽ കാട് പിടിച്ചു കിടക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെയും തെരുവു നായ്ക്കളുടെയും ശല്യമുണ്ട്. കൂടാതെ സാമൂഹ്യവിരുദ്ധ ശല്യവും ഇവിടെയുണ്ടെന്ന് നാട്ടുകാർ തന്നെ പറയുന്നു. ദുർബലാവസ്ഥയുടെ മേലങ്കിയുള്ള ഈ പാലത്തിനെ കൂടുതൽ നാശത്തിലേക്ക് വിടാതെ യഥാവിധി നിർമാണ പ്രവർത്തനങ്ങൾ നടത്തി പാലത്തിന്റെ ബലക്ഷയത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.