
പൂവാർ: ക്രൂ ചെയ്ഞ്ചിംഗിനായി വിദേശകപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തുന്നതും തിരികെ പോകുന്നതും സംബന്ധിച്ച വിവരങ്ങൾ യഥാസമയം ലഭിക്കാത്തതിനാൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. കപ്പലുകൾ കടന്നുപോകുമ്പോഴുള്ള തിരയടിയിൽപ്പെട്ട് മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപ്പെടുന്നതാണ് പ്രധാന പ്രശ്നം. അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. വള്ളങ്ങൾ തകർന്നും വലകൾ നഷ്ടപ്പെട്ടുമുള്ള സാമ്പത്തികനഷ്ടവും ഏറെയാണ്.
കഴിഞ്ഞദിവസം അടിമലത്തുറ സ്വദേശി അന്തോണി തിരയടിയിൽപ്പെട്ട് മരിച്ചിരുന്നു. നങ്കൂരമിട്ട് കിടക്കുന്ന ബോട്ടുകളിൽ നിന്നുള്ള വലകൾ പലപ്പോഴും കപ്പലുകൾ അറുത്തുമുറിച്ചാണ് കടന്നുപോകുന്നത്. പൂവാർ മുതൽ അടിമലത്തുറ വരെയുള്ള നിരവധി മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഇത്തരത്തിൽ ഇല്ലാതായത്. വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗ് ആൻഡ് ബങ്കറിംഗ് ഹബ്ബാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതോടെ തിരക്ക് വീണ്ടും വർദ്ധിക്കും. മത്സ്യത്തൊഴിലാളികളുടെ ഭയം അകറ്റുന്നതിനും അവരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് മത്സ്യത്തൊഴിലാളി നേതാക്കൾ ആവശ്യപ്പെടുന്നത്.
മുന്നറിയിപ്പുകൾ ഇല്ല
ക്രൂ ചെയ്ഞ്ചിംഗിനായി എത്തുന്ന കപ്പലുകളുടെ വിവരങ്ങൾ കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്‌മെന്റും കൃത്യമായി അറിയുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരം മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നത് പലപ്പോഴും പാളുന്നു. ഇത്തരത്തിലുള്ള അറിയിപ്പുകൾ വൈകുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണം.
തിരക്കും വർദ്ധിച്ചു
കൊവിഡ് വ്യാപനത്തെ തുടർന്ന് ശ്രീലങ്കയിലെ തുറമുഖം അടച്ചിട്ടിരിക്കുന്നതാണ് വിഴിഞ്ഞത്തെ തിരക്ക് വർദ്ധിക്കാൻ കാരണം. അന്താരാഷ്ട്ര ജലപാതയിൽ നിന്ന് കൊച്ചിയിലെത്തി ക്രൂ ചെയ്ഞ്ചിംഗ് നടത്താൻ ഒന്നിലധികം ദിവസങ്ങൾ വേണ്ടിവരും. എന്നാൽ ഏതാനും മണിക്കൂറുകൾ കൊണ്ട് ക്രൂ ചെയ്ഞ്ചിംഗ് നടത്തി കപ്പലുകൾക്ക് മടങ്ങാനാകുന്നതുമാണ് വിഴിഞ്ഞം തുറമുഖത്തെ തിരക്ക് വർദ്ധിക്കാൻ കാരണം.
കപ്പലുകളുടെ എണ്ണത്തിൽ വർദ്ധന
മുന്നറിയിപ്പ് സംവിധാനങ്ങൾ പാളി
അപകടങ്ങൾ തുടർക്കഥയാകുന്നു
തിരയിൽപ്പെട്ട് മരണം പതിവായി
ലക്ഷങ്ങളുടെ നാശനഷ്ടങ്ങളും
ആശങ്കയിൽ തൊഴിലാളികൾ