ccc

വിതുര: തൊളിക്കോട് പഞ്ചായത്തിലെ മാങ്കോട്ടുകോണം ലക്ഷം വീട് കോളനി നിവാസികളുടെ സഞ്ചാരയോഗ്യമായ റോഡിനായുള്ള കാത്തിരിപ്പിന് വിരാമം. നല്ലൊരു നടവഴിപോലും ഇല്ലാതിരുന്ന ഇവർക്കായി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ റോഡ് നിർമ്മിച്ചത്. തകർന്ന പടിക്കെട്ടും കുത്തനെയുള്ള ഇറക്കവുമുള്ള പാതയായിരുന്നു ഇവിടത്തുകാർക്ക് കാൽനൂറ്റാണ്ടായുള്ള ആശ്രയം. ഇരുപതിലധികം കുടുംബങ്ങളാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. അസുഖബാധിതരെ പ്രധാന റോഡിൽ എത്തിക്കണമെങ്കിൽ ചുമക്കേണ്ട ഗതികേടിലായിരുന്നു. ഈ അവസ്ഥയ്ക്കാണ് ഒടുവിൽ പരിഹാരമായത്.

മാങ്കോട്ടുകോണം കോളനി നിവാസികളുടെ ദുരിതയാത്ര ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കെ.എസ്. ശബരീനാഥൻ എം.എൽ.എ വിഷയത്തിൽ ഇടപെടുകയും റോഡ് നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കുകയുമായിരുന്നു.

45 വർഷത്തെ കാത്തിരിപ്പ്

മാങ്കോട്ടുകോണം മേഖലയിലേക്ക് റോഡ് നിർമ്മിക്കണമെന്ന ആവശ്യത്തിന് 45 വർഷത്തിലേറെ പഴക്കമുണ്ട്. നിരവധി തവണ ജനങ്ങൾ അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. റോഡെന്ന ആവശ്യവുമായി നിരവധിതവണ സമരങ്ങളും നടന്നു. തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാന പെരുമഴയുമായി എത്തുന്ന രാഷ്ട്രീയക്കാർ കാര്യം നടന്നാൽ തങ്ങളെ അവഗണിക്കുന്നു എന്നതായിരുന്നു നാട്ടുകാരുടെ പരാതി.

ഉദ്ഘാടനം നടത്തി

തൊളിക്കോട്-മാങ്കോട്ടുകോണം റോഡിന്റെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, തൊളിക്കോട് ടൗൺ വാർഡ് മെമ്പർ തൊളിക്കോട് ഷംനാദ്, തേവൻപാറ വാർഡ് മെമ്പർ എൻ.എസ്. ഹാഷിം, മുൻ വാർഡ് മെമ്പർ ഷെമി ഷംനാദ്, മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ എന്നിവർ പങ്കെടുത്തു.