premachandran

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മുതലാളിത്ത പ്രീണനത്തിന്റെ ബലിയാടുകളാണ് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിലെ തൊഴിലാളികളെന്ന് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി എംപ്ലോയിസ് യൂണിയൻ പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1500 കുടുംബങ്ങൾ വഴിയാധാരമായിട്ട് താെഴിലാളി പാർട്ടി നയിക്കുന്ന സർക്കാർ തൊഴിലുടമയെ സഹായിക്കുന്ന നടപടിയാണ് കൈക്കൊണ്ടത്. തോന്നയ്‌ക്കൽ,​ വേളി പ്ലാന്റുകൾ അടച്ചുപൂട്ടിയ ഉടമകൾ തൊഴിലാളികളുടെ ബോണസും ശമ്പളകുടിശികയും നൽകാത്തത്തിന് കാരണമായി പറയുന്നത് ഖനനാനുമതി നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ കാലതാമസമെന്നാണ്. മുൻകൂർ‌ നോട്ടീസോ കാരണം കാണിക്കൽ നോട്ടീസോ നൽകാതെ തൊഴിലാളികളെ പിരിച്ചുവിട്ടു. വിഷയത്തിൽ തൊഴിൽ മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണം. കമ്പനി നടത്തിക്കൊണ്ടുപോകാൻ അവർക്ക് താത്പര്യമില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം. വേളി ഫാക്ടറി പ്രവർത്തിക്കുന്നതും സർക്കാർ ഭൂമിയിലാണെന്ന് മറക്കരുതെന്നും പ്രേമചന്ദ്രൻ ഓർമിപ്പിച്ചു. യൂണിയൻ നേതാക്കളായ കെ. ജയകുമാർ, കെ. സുരേഷ്ബാബു, രാജേന്ദ്രൻ, അനിൽകുമാർ, ഷാജഹാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.