തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രവർത്തന മികവ് പരിശോധിക്കുന്നതിന് കെ.പി.സി.സി നടപ്പാക്കുന്ന പെർഫോമൻസ് അസസ്‌മെന്റ് സിസ്റ്റത്തിന് (പാസ്) ഇന്ന് ഡി.സി.സി ഓഫീസിൽ തുടക്കമാവും. ഇന്ന് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെയും നാളെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെയും നേതാക്കളുടെ പ്രവർത്തന മികവാണ് പരിശോധിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ് നേതൃത്വം നൽകും. ഓരോ ബ്ലോക്കിനും പ്രത്യേകം സമയം അനുവദിച്ച് നൽകിയിട്ടുണ്ട്. ഇന്ന് പട്ടം, വട്ടിയൂർക്കാവ് ബ്ലോക്കുകളാണ് പങ്കെടുക്കുക. ജൂലായ്, ആഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിലെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. ജില്ലയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ശിവദാസൻ നായർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പങ്കെടുക്കും.