തിരുവനന്തപുരം: ഊറ്റുകുഴിയിൽ 3.15 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ ഹാന്റക്‌സിന്റെ ഗാർമെന്റസ് യൂണിറ്റ് തുടങ്ങി. സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. ഓരോ യൂണിറ്റിലും 100 സ്ത്രീകൾക്ക് തൊഴിൽ നൽകും. ആധുനിക തയ്യൽ ഉപകരണങ്ങൾ, കമ്പ്യൂട്ടർ അധിഷ്ഠിത ഡിസൈനിംഗ്,​ എംബ്രോയ്ഡറി യന്ത്രമടക്കം 35ഓളം ഉപകരണങ്ങളാണ് യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്നത്. ഒരു ദിവസം 500 ഷർട്ടുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ ഹാന്റക്‌സ് പ്രസിഡന്റ് എൻ. രതീന്ദ്രൻ, കൗൺസിലർ എസ്. പുഷ്‌പലത, കൈത്തറി ഡയറക്ടർ കെ. സുധീർ, വ്യവസായകേന്ദ്രം ജനറൽ മാനേജർ ജി. രാജീവ്, ഹാന്റക്സ് വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.