vidyarambham

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ നവരാത്രി പൂജയും വിജയദശമി നാളിലെ എഴുത്തിനിരുത്തും ക്ഷേത്രങ്ങളിലോ സ്ഥാപനങ്ങളിലോ വച്ചു വേണമെന്ന് നിർബന്ധം പിടിക്കേണ്ട. പൂജവയ്പും എഴുത്തിനിരുത്തും വീട്ടിൽ നടത്താം. 23 ന് വെള്ളിയാഴ്ച വൈകിട്ടാണ് പൂജവയ്പ്. 26നാണ് വിജയദശമിയും എഴുത്തിനിരുത്തും. യഥാക്രമം ശക്തി, ഐശ്വര്യ, വിദ്യാ ദേവതകളായ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ഭാവങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്.

ദുർഗാഷ്ടമി നാളിൽ സന്ധ്യയ്ക്ക് ദീപം കൊളുത്തിയശേഷമാണ് പൂജവയ്ക്കുക. പൂജാമുറിയിലോ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തോ ആത്മീയ ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും കല-സംഗീതോപകരണങ്ങളും തൊഴിലുപകരണങ്ങളും പൂജവയ്ക്കാം. സരസ്വതിയുടെ ചിത്രമോ വിഗ്രഹമോ വേണം. മറ്ര് ഇഷ്ടദേവതകളുടെ ചിത്രവും വയ്ക്കാം. 5 തിരിയുള്ള നിലവിളക്ക് കത്തിച്ചുവയ്ക്കണം. ചിത്രം തെക്കോട്ട് മുഖമാകരുത്.

ഗണപതിക്ക് മലർനിവേദ്യവും സരസ്വതിക്ക് ത്രിമധുരവും (കൽക്കണ്ടം, നെയ്യ്, തേൻ, ഉണക്കമുന്തിരി) നിവേദിച്ച ശേഷം ഗണപതി വന്ദനം നടത്തണം. (ചൊല്ലേണ്ട മന്ത്രം- വക്രതുണ്ട മഹാകായ, കോടി സൂര്യസമപ്രഭ, നിർവിഘ്നം കുരു,മേ,ദേവ, സർവകാര്യേഷ്യു സർവദാ).

തുടർന്ന് വിഗ്രഹത്തെ നമസ്‌കരിച്ച ശേഷം ഗുരു, ഗണപതി, വ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതി എന്നിവരെ സ്മരിക്കുക. ഇതിനായുള്ള മന്ത്രങ്ങളും ചൊല്ലാം.
ദേവി മാഹാത്മ്യം, ലളിതാ സഹസ്രനാമം തുടങ്ങിയവയും ഇഷ്ടമുള്ള സ്‌തോത്രങ്ങളും ചൊല്ലാം.
തുടർന്ന്,​ സർവ മംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ,ശരണ്യേ ത്ര്യംബകേ ഗൗരി,
നാരായണി നമസ്തുതേ- എന്ന ശ്ലോകം ചൊല്ലി പൂജ സമർപ്പിക്കുക.
ദുർഗാഷ്ടമിക്കും നവമിക്കും (രണ്ടു ദിവസവും) രാവിലെയും വൈകിട്ടും പൂജ ചെയ്യാം. വിളക്കിൽ രണ്ടുതിരി വിജയദശമി വരെ കെടാതെ വയ്ക്കണം.
26ന് രാവിലെ രാഹുകാലം തുടങ്ങുന്നതിനുമുമ്പ് ( 7.30ന് മുമ്പ്) സരസ്വതി പൂജയും വിദ്യാരംഭവും ആരംഭിക്കണം. പതിവ് പൂജയും ജപവും കഴിഞ്ഞ് വച്ച പുസ്തകങ്ങൾ എടുക്കാം. അവിടെയിരുന്നു വായിക്കണം.

വിദ്യാരംഭം

കുട്ടിയെ കുളിപ്പിച്ചൊരുക്കി മുണ്ടും രണ്ടാം മുണ്ടും ധരിപ്പിക്കണം.സരസ്വതിയുടെ മുന്നിൽ തെക്കോട്ടൊഴികെ മുഖമാക്കി രക്ഷിതാവിന്റെയോ കാരണവരുടെയോ മടിയിലിരുത്തി കുഞ്ഞിന്റെ വിരലുകൾ (തള്ള, ചൂണ്ടു, നടുവിരലുകൾ) കൊണ്ട് വയമ്പിൽ പിടിപ്പിച്ച് താലത്തിലെ ഉണക്കലരിയിൽ ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു, ശ്രീ ഗുരുഭ്യോ നമഃ എന്ന് എഴുതിക്കണം. വയമ്പില്ലെങ്കിൽ കുഞ്ഞിന്റെ മോതിരവിരലുകൊണ്ടും എഴുതിക്കാം.

തേനിൽ ചാലിച്ച വയമ്പ് കുട്ടിയുടെ നാവിൽ നൽകുക. അതിൽ മുക്കിയ സ്വർണമോതിരംകൊണ്ട് കുട്ടിയുടെ നാവിൽ ഹരിഃശ്രീ എഴുതിക്കുക. കുട്ടിയെ സരസ്വതി ദേവിയെയും മറ്റ് ഗുരുകാരണവന്മാരെയും പാദ നമസ്‌കാരം ചെയ്യിച്ച് അനുഗ്രഹം വാങ്ങിക്കുക. ഈ സമയത്ത് ചൊല്ലേണ്ട മന്ത്രം:
"സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ"
ഈ വരികൾ ചൊല്ലി സമർപ്പിക്കണം.
" കായേന വാചാ, മനസേന്ദ്രിയൈർവാ, ബുദ്ധ്യാത്മനാ വാ, പ്രകൃതേഃ സ്വഭാവാത്, കരോമി,യദ്യത്, സകലം പരായൈ, ജഗദംബികായൈ, സമർപ്പയാമി"-
തുടർന്ന് നമസ്‌കരിക്കുക.

ഒരുക്കേണ്ടത്
നിലവിളക്ക്, തിരി, എണ്ണ,​ വയമ്പ്, തേൻ, ത്രിമധുരം, പടുക്ക (അവിൽ, മലര്, ശർക്കര, പഴം,കരിമ്പ്),​ സരസ്വതി വിഗ്രഹം അഥവാ ഫോട്ടോ, പൂക്കൾ, മാല,കുഞ്ഞിനുള്ള ഉടുപ്പ്, ഇരിക്കാനുള്ള പലക.

----പൂജാവിധികൾ എങ്ങനെ ചെയ്യണമെന്നത്, തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് വൈസ് പ്രിൻസിപ്പൽ പൈതൃകരത്നം ഡോ. കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി വിശദീകരിക്കുന്ന വീഡിയോ കാണാം.