
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും പച്ചക്കൊടി കാട്ടിയതോടെ കേരള കോൺഗ്രസ് - ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിന്റെ ഔപചാരിക പ്രഖ്യാപനം ഇന്ന് എൽ.ഡി.എഫ് യോഗത്തിലുണ്ടാകും.
ജോസ് വിഭാഗത്തെ ഘടകകക്ഷിയായി തന്നെ ഉൾക്കൊള്ളണമെന്ന സി.പി.എമ്മിന്റെ താത്പര്യത്തിന് സി.പി.ഐ എതിര് നിന്നേക്കില്ല. ആദ്യം മുന്നണിക്ക് പുറത്ത് സഹകരിപ്പിച്ച ശേഷം ഘടകകക്ഷിയാക്കുക എന്ന ഇടതുമുന്നണിയിലെ കീഴ്‌വഴക്കം ജോസിന്റെ കാര്യത്തിലും ആകാമെന്നാണ് സി.പി.ഐയുടെ പൊതുവികാരമെങ്കിലും ഇന്നത്തെ എൽ.ഡി.എഫ് തീരുമാനത്തെ എതിർക്കേണ്ടെന്നാണ് എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
രാഷ്ട്രീയ നിലപാട് മാറ്റി ഇടതുമുന്നണിയാണ് ശരിയെന്ന് പറഞ്ഞ ജോസ് കെ. മാണിയെ എതിർക്കേണ്ടെന്ന് എക്സിക്യൂട്ടീവ് വിലയിരുത്തി. യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന തീരുമാനം ഒരു പാർട്ടി കൈക്കൊള്ളുമ്പോൾ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്തുള്ള പ്രായോഗിക സമീപനം വേണം.
ജോസ് പക്ഷത്തെ ഇടതുമുന്നണിയിൽ എടുക്കുന്നതിനോട് തുടക്കത്തിൽ വിയോജിച്ചിരുന്ന സി.പി.ഐ, പിന്നീട് ജോസ് രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചപ്പോൾ സ്വാഗതം ചെയ്‌തിരുന്നു. എക്സിക്യൂട്ടീവിലെ ചർച്ചയ്‌ക്ക് ശേഷം അന്തിമമായി അറിയിക്കാമെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി. പി. എമ്മുമായുള്ള ചർച്ചയിൽ അറിയിച്ചത് . ജോസ് കെ.മാണിയുടെ വരവ് ബാർകോഴയുടെ പേരിൽ സമരം ചെയ്‌ത മുന്നണിക്ക് തിരിച്ചടിയാവില്ലേ, പ്രതീക്ഷിക്കുന്ന ഗുണമുണ്ടാകുമോ തുടങ്ങിയ ആശങ്കകൾ യോഗത്തിലുയർന്നു. എന്നാൽ യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന അവസരങ്ങൾ വിനിയോഗിക്കണമെന്ന വിലയിരുത്തലാണ് പൊതുവിലുണ്ടായത്. കഴിഞ്ഞയാഴ്ച ജോസ് കെ.മാണി എം.എൻ സ്‌മാരകത്തിലെത്തി സി.പി.ഐയുടെ പിന്തുണ അഭ്യർത്ഥിച്ചിരുന്നു. പുതിയ രാഷ്ട്രീയചുറ്റുപാടിൽ ന്യൂനപക്ഷവോട്ടുകളെ സ്വാധീനിക്കാൻ ജോസിന്റെ വരവ് സഹായിച്ചേക്കാം. ഇടതുപക്ഷമാണ് ശരിയെന്ന് പറഞ്ഞെത്തുന്ന പാർട്ടികളെ സ്വീകരിച്ച പാരമ്പര്യമാണ് മുന്നണിക്കെന്നും ആർ. ബാലകൃഷ്ണപിള്ളയുടെ കാര്യം ഓർമ്മിപ്പിച്ച് കാനം യോഗത്തിൽ വിശദീകരിച്ചു.